കേന്ദ്ര മന്ത്രിമാരുടെ പ്രസംഗങ്ങളെല്ലാം ഇനി ഹിന്ദിയില്‍ മാത്രമാകും; എയര്‍ ഇന്ത്യ ടിക്കറ്റുകളിലും ഹിന്ദി

ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു 2011ല്‍ പാര്‍ലമെന്ററി സമിതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്
കേന്ദ്ര മന്ത്രിമാരുടെ പ്രസംഗങ്ങളെല്ലാം ഇനി ഹിന്ദിയില്‍ മാത്രമാകും; എയര്‍ ഇന്ത്യ ടിക്കറ്റുകളിലും ഹിന്ദി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരുടേയും സംസ്ഥാന മന്ത്രിസഭയില്‍ അംഗമായവരുടേയും പ്രസംഗങ്ങള്‍ ഹിന്ദിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അധ്യക്ഷനായ പാര്‍ലമെന്ററി പാനലാണ് മന്ത്രിമാരുടേയും രാഷ്ട്രപതിയുടേയും ഉള്‍പ്പെടെ പ്രസംഗങ്ങള്‍ ഹിന്ദിയിലായിരിക്കണമെന്ന് നിര്‍ദേശിച്ചത്. 

പാര്‍ലമെന്ററി പാനലിന്റെ നിര്‍ദേശം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകരിച്ചിരുന്നു. ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നതോടെ പാര്‍ലമെന്റിനകത്തും പുറത്തും മന്ത്രിമാരുടെ പ്രസംഗങ്ങള്‍ ഹിന്ദിയിലായിരിക്കും. 

ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു 2011ല്‍ പാര്‍ലമെന്ററി സമിതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്. രാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍, ഹിന്ദി എഴുതാനും വായിക്കാനും അറിയുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രസംഗങ്ങള്‍ക്കും മറ്റ് പരാമര്‍ശങ്ങള്‍ക്കും ഹിന്ദി ഭാഷ ഉപയോഗപ്പെടുത്തണമെന്നായിരുന്നു പാര്‍ലമെന്ററി പാനലിന്റെ നിര്‍ദേശം. 

എയര്‍ ഇന്ത്യയുടെ ടിക്കറ്റുകളില്‍ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്ന നിര്‍ദേശത്തിനും രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ എയര്‍ലൈനുകള്‍ക്കും ഇത് ബാധകമാക്കണമെന്നായിരുന്നു പാര്‍ലമെന്ററി പാനലിന്റെ നിര്‍ദേശം എങ്കിലും രാഷ്ട്രപതി ഇത് എയര്‍ ഇന്ത്യയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com