ഖട്ടാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം: രാഷ്ടീയ നേട്ടത്തിനായി നഗരം കത്തിയെരിയുന്നത് നോക്കിനിന്നു

അക്രമികള്‍ക്ക് കീഴടങ്ങുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി
ഖട്ടാറിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം: രാഷ്ടീയ നേട്ടത്തിനായി നഗരം കത്തിയെരിയുന്നത് നോക്കിനിന്നു

ചണ്ഡിഗഢ്: ദേര സച്ച സൗധ നേതാവ് ഗുര്‍മീത് റാം റഹീമിനെ ബലാത്സംഗ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയതിനു പിന്നാലെയുണ്ടായ വ്യാപക അക്രമങ്ങളില്‍ ഹരിയാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ  വിമര്‍ശനം. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി നഗരത്തെ കത്തിയെരിയാന്‍ അനുവദിക്കുകയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ ചെയ്തതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. അക്രമികള്‍ക്ക് കീഴടങ്ങുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി വിമര്‍ശിച്ചു. 

മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കാര്യങ്ങള്‍ ബോധ്യമല്ലാതിരിക്കുന്നതെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയലാഭത്തിനു വേണ്ടി അക്രമത്തിനു കൂട്ടുനില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി കുറ്റപ്പെടുത്തി.

അക്രമം തടയുന്നതില്‍ വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സമ്മതിച്ചിരുന്നു. എവിടെയെല്ലാമാണു പാളിച്ചകള്‍ പറ്റിയതെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വിധി വരുന്നതിനു മുന്‍പ് റാം റഹീമിന്റെ അനുയായികളെ പഞ്ച്കുളയില്‍ നിന്നു മാറ്റിയതാണ്. പക്ഷേ ആള്‍ക്കൂട്ടം വന്‍തോതില്‍ എത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു. ആള്‍ക്കൂട്ടത്തിലേക്കു നുഴഞ്ഞു കയറിയ ചിലരാണ് അക്രമത്തിനു കാരണം. അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കുമെന്നും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും  ഖട്ടര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. ഹരിയാനയിലെ ജില്ല തിരിച്ചുള്ള ക്രമസമാധാന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com