പരാജയ ഭീതിയില്‍ മോദി പച്ചക്കള്ളം പുലമ്പുന്നു: പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിങ്

ഒരു മുന്‍പ്രധാനമന്ത്രിയും സേനാ മേധാവിയും ഉള്‍പ്പടെയുള്ള ഭരണഘടന സ്ഥാനളുടെ പ്രതിച്ഛായ ഇടിച്ചു താഴ്ത്തിയതിലൂടെ അപകടകരമായ കീഴ് വഴ്ക്കത്തിനാണ് മോദി തുടക്കമിട്ടിരിക്കുന്നത്
പരാജയ ഭീതിയില്‍ മോദി പച്ചക്കള്ളം പുലമ്പുന്നു: പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കള്ളം പറയുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് താനും കരസേനാ മേധാവിയും പാക്കിസ്ഥാനുമായി ഗുഢാലോചന നടത്തിയെന്നു പറഞ്ഞ മോദി രാജ്യത്തോട് മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. 

ഒരു മുന്‍പ്രധാനമന്ത്രിയും സേനാ മേധാവിയും ഉള്‍പ്പടെയുള്ള ഭരണഘടന സ്ഥാനളുടെ പ്രതിച്ഛായ ഇടിച്ചു താഴ്ത്തിയതിലൂടെ അപകടകരമായ കീഴ് വഴ്ക്കത്തിനാണ് മോദി തുടക്കമിട്ടിരിക്കുന്നത്. ഭീകരക്കെതിരായ പോരാട്ടത്തില്‍ ഒത്തുതീര്‍പ്പുകള്‍ ചെയ്ത പാര്‍ട്ടിയില്‍ നിന്നും  പ്രധാനമന്ത്രിയില്‍ നിന്നും ദേശീയതയുടെ ഗിരി പ്രഭാഷണം കേള്‍ക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. ഉദ്ദംപൂരിലെയും ഗുരുദാസ് പൂരിലെയും ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ക്ഷണിക്കപ്പെടാതെയാണ് മോദി പാക്കിസ്ഥാനിലേക്ക് പോയത്. 

പാക്കിസ്ഥാനില്‍ നിന്നുണ്ടായ ഒരു ഭീകരാക്രമണം അന്വേഷിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയിലേക്ക് കുപ്രസിദ്ധരായ ഐഎസ്‌ഐയെ പത്താന്‍കോട്ട് വ്യോമതാവളത്തിലേക്ക് ക്ഷണിച്ചതിന് കാരണമെന്തെന്ന് മോദി രാജ്യത്തോട് പറയണം. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി പൊതു രംഗത്ത് തന്റെ  പ്രവര്‍ത്തനങ്ങളെ കുറിച്ച് രാജ്യത്തിനറിയാം. നഷ്ടപ്പെട്ട രാഷ്ട്രീയ മേല്‍കൈ വീണ്ടെടുക്കുന്നതിനായി അതിനെ ചോദ്യം ചെയ്യാന്‍ മോദിക്കെന്നല്ല ആര്‍ക്കും കഴിയില്ല. മോദി ആരോപിച്ചതുപോലെ മണിശങ്കര്‍ അയ്യറുടെ വിരുന്നില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കുറിച്ച് ആരോടും ചര്‍ച്ച ചെയ്തിട്ടില്ല. ഇന്ത്യാ പാക്കിസ്ഥാന്‍ ബന്ധം മാത്രമാണ് ആ വിരുന്നില്‍ ചര്‍ച്ചയായത്. 

പ്രധാനമന്ത്രിയുടെ ഓഫീസിനു ചേര്‍ന്ന പക്വതയോടെ മോദി പ്രവര്‍ത്തിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസ് വീണ്ടെടുക്കാന്‍ അദ്ദേഹം രാജ്യത്തോട് മാപ്പുപറയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും  മന്‍മോഹന്‍ സിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com