റോഡ് ഷോ വിലക്കിന് മറുപടിയുമായി മോദി ; കൊട്ടിക്കലാശത്തിന് ജലവിമാനത്തില്‍

സബര്‍മതി നദിയില്‍ നിന്ന് സീപ്ലെയിനില്‍ കയറുന്ന മോദി, മെഹ്‌സാന ജില്ലയിലെ ദാറോയ് ഡാം വരെ 150 കിലോമീറ്ററോളം അതില്‍ യാത്ര ചെയ്യും
റോഡ് ഷോ വിലക്കിന് മറുപടിയുമായി മോദി ; കൊട്ടിക്കലാശത്തിന് ജലവിമാനത്തില്‍

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിന്റെ കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് നടത്താനിരുന്ന റോഡ്‌ഷോയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജലവിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തും. സബര്‍മതി നദിയില്‍ നിന്ന് സീപ്ലെയിനില്‍ കയറുന്ന മോദി, മെഹ്‌സാന ജില്ലയിലെ ദാറോയ് ഡാം വരെ 150 കിലോമീറ്ററോളം അതില്‍ യാത്ര ചെയ്യും.  തുടര്‍ന്ന് അംബാജിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. അംബാജി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയിലും പങ്കെടുത്ത ശേഷം അതേ ജലവിമാനത്തില്‍ മോദി അഹമ്മദാബാദിലേക്ക് മടങ്ങും. 

ഡിസംബര്‍ 14 ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശത്തിനായി റോഡ് ഷോ നടത്താനായിരുന്നു നരേന്ദ്രമോദിയും ബിജെപിയും പദ്ധതിയിട്ടിരുന്നത്. അഹമ്മദാബാദില്‍ മോദിയെ കൂടാതെ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പൊലീസ് നേതൃത്വം മൂവരുടെയും റോഡ്‌ഷോയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. 

ഇതേത്തുടര്‍ന്നാണ് സീപ്ലെയിനില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്താന്‍ നരേന്ദ്രമോദി തീരുമാനിച്ചത്. ഇതാദ്യമായാണ് സബര്‍മതി നദിയില്‍ സീപ്ലെയിന്‍ ഇറക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയും അഹമ്മദാബാദിലുണ്ട്. രാവിലെ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി, പിന്നീട് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com