'അധ്യാപകര്‍ പ്രണയിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ ചീത്തയാകും'; വിവാഹം കഴിച്ചതിന്റെ പേരില്‍ അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

വിവാഹം നടന്ന നവംബര്‍ 30 ന് ജോലിയില്‍ നിന്ന് ഇരുവരേയും സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കുകയായിരുന്നു
'അധ്യാപകര്‍ പ്രണയിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ ചീത്തയാകും'; വിവാഹം കഴിച്ചതിന്റെ പേരില്‍ അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

ശ്രീനഗര്‍: വിവാഹം കഴിച്ചതിന്റെ പേരില്‍ ജമ്മുകാശ്മീരിലെ രണ്ട് അധ്യാപകരുടെ ജോലിപോയി. പ്രണയം വിദ്യാര്‍ത്ഥികളെ മോശമായി ബാധിക്കുമെന്ന് പറഞ്ഞാണ് പുലവ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടത്. പാംപോര്‍ മുസ്ലീം എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും സ്‌കൂളുകളിലായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജോലി നോക്കുകയായിരുന്നു ട്രാല്‍ സ്വദേശികളായ താരിഫ് ബാദും സുമയ്യ ബഷീറും. 

വിവാഹം നടന്ന നവംബര്‍ 30 ന് സ്‌കൂള്‍ മാനേജ്‌മെന്റ് തങ്ങളെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് ഇവര്‍ ആരോപിച്ചു. വിവാഹത്തിന് മുന്‍പ് ഇരുവരും പ്രണയിച്ചിരുന്നെന്നും അതിനാലാണ് പുറത്താക്കിയതെന്നും സ്‌കൂളിന്റെ ചെയര്‍മാന്‍ ബഷിര്‍ മസൂദി പറഞ്ഞു. അവര്‍ പ്രണയത്തിലായിരുന്നെന്നും ഇത് സ്‌കൂളിലെ 2000 ത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും 200 ഓളം ജീവനക്കാര്‍ക്കും നല്ലതല്ലെന്നും വിദ്യാര്‍ത്ഥികളെ ഇത് മോശമായി ബാധിക്കുമെന്നും മസൂദി വ്യക്തമാക്കി. 

എന്നാല്‍ തങ്ങളുടേത് പ്രണയവിവാഹം ആയിരുന്നില്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നെന്നുമാണ് ദമ്പതികളുടെ വാദം. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞത്. അതിനെത്തുടര്‍ന്ന് സുമയ്യ ജീവനക്കാര്‍ക്ക് പാര്‍ട്ടി നല്‍കിയിരുന്നു. ഇത് സ്‌കൂള്‍ മാനേജ്‌മെന്റിന് അറിയാമായിരുന്നെന്ന് താരിഫ് പറഞ്ഞു. പ്രണയ ബന്ധത്തിന്റെ പേരിലാണ് പുറത്താക്കിയത് എന്ന വാദത്തെ താരിഫ് ചോദ്യം ചെയ്തു. ഞങ്ങളുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരം പോലും തന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

വിവാഹം നടക്കുന്നതിന് ഒരു മാസം മുന്‍പ് തന്നെ ഇരുവരും ലീവിന് അപേക്ഷ നല്‍കിയിരുന്നു. ഇത് അംഗീകരിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. തങ്ങള്‍ വിവാഹം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അപരാധമൊന്നും ചെയ്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com