ആറുമാസത്തെ ജയില്‍വാസത്തിന് അന്ത്യം ; ജസ്റ്റിസ് സിഎസ് കര്‍ണന്‍ മോചിതനായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2017 12:36 PM  |  

Last Updated: 20th December 2017 12:36 PM  |   A+A-   |  

CS_Karnan-EPS

 

കൊല്‍ക്കത്ത : കോടതി അലക്ഷ്യക്കേസില്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജസ്റ്റിസ് സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി. ആറുമാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജസ്റ്റിസ് കര്‍ണന്‍ മോചിതനാകുന്നത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലായിരുന്ന കര്‍ണന്‍ ഇന്ന് രാവിലെയാണ് മോചിതനായത്. ഒളിവില്‍ പോയ കര്‍ണനെ ജൂണ്‍ 20ന് കോയമ്പത്തൂരില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യാ ചരിത്രത്തില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ സിറ്റിംഗ് ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹറിന്റെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ബഞ്ചാണ് ജസ്റ്റിസ് കര്‍ണന് തടവ് ശിക്ഷ വിധിച്ചത്. തന്റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

സുപ്രീം കോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയാണ് ജസ്റ്റിസ് കര്‍ണന്‍ വിവാദപുരുഷനാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത് പരിഗണിച്ച സുപ്രീംകോടതി, കര്‍ണന്റെ നടപടി കോടതി അലക്ഷ്യമായി വിലയിരുത്തുകയായിരുന്നു. കര്‍ണന്റെ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സുപ്രീം കോടതി മാധ്യമങ്ങളെ വിലക്കുകയും ചെയ്തിരുന്നു. അതേസമയം ജുഡീഷ്യറിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് താന്‍ ചെയ്തതെന്നാണ് കര്‍ണന്റെ വാദം. താന്‍ ദളിതനായതുകൊണ്ടാണ് വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.