അവര്‍ അതിനെ ബഹുമതിയായി കാണുന്നു,സ്‌പെക്ട്രം വിധി കോണ്‍ഗ്രസിനുളള സാക്ഷ്യപത്രമല്ല: അരുണ്‍ ജെയ്റ്റ്‌ലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2017 01:20 PM  |  

Last Updated: 21st December 2017 01:20 PM  |   A+A-   |  

 


ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം വിധിയെ കോണ്‍ഗ്രസ് ബഹുമതിയായി കാണാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സ്‌പെക്ട്രം അനുവദിച്ചതില്‍ ഖജനാവിന് ഒരു രൂപയുടെ പോലും നഷ്ടം ഉണ്ടായില്ലെന്ന കോണ്‍ഗ്രസ് വാദം സുപ്രീംകോടതി തളളിയതാണ്. ഇതിന്റെ പ്രതിഫലനമായിരുന്നു യുപിഎ സര്‍ക്കാര്‍ വിവിധ കമ്പനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചത് റദ്ദാക്കിയ സുപ്രീംകോടതി വിധി. എന്നാല്‍ സിബിഐ കോടതി വിധി തങ്ങളുടെ നയങ്ങള്‍ സത്യസന്ധമായിരുന്നുവെന്നതിന്റെ സാക്ഷ്യപത്രമായി പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. 

യുപിഎ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എ രാജ അടക്കം എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടികാണിച്ചായിരുന്നു ഡല്‍ഹി പട്യാല കോടതിയുടെ വിധി. ഇതിന് പിന്നാലെയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം.