സച്ചിന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ രാജ്യസഭയില്‍ ബഹളം; ഇതിഹാസ താരത്തെ അപമാനിച്ചെന്ന് ആക്ഷേപം  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2017 03:26 PM  |  

Last Updated: 21st December 2017 03:26 PM  |   A+A-   |  

ന്യൂഡല്‍ഹി:  രാജ്യസഭ എംപിയായ ശേഷമുളള നീണ്ടകാലത്തിനൊടുവില്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ ഒരുങ്ങിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ വരവേറ്റത് പ്രതിപക്ഷ ബഹളം. കോണ്‍ഗ്രസും പാക്കിസ്ഥാനും ചേര്‍ന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന മോദിയുടെ പ്രസ്താവനയെ ചൊല്ലി വീണ്ടും രാജ്യസഭ പ്രക്ഷുബ്ധമായതാണ് സച്ചിന് വിനയായത്. ബഹളം നിയന്ത്രണാതീതമായി തുടര്‍ന്നതോടെ നാളെ പ്രസംഗിക്കാന്‍ വീണ്ടും അനുവദിക്കാമെന്ന് പറഞ്ഞ് സഭാഅധ്യക്ഷന്‍ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. ഇത് സച്ചിന്റെ പ്രസംഗം ആകാംക്ഷയോടെ കാത്തിരുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ഒപ്പം സച്ചിനെയും നിരാശപ്പെടുത്തി.  ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ സച്ചിനെ സഭയില്‍ പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്നതില്‍ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നു.  ഇത് നാണക്കേടായി  പോയെന്ന് രാജ്യസഭ എം പി ജയാബച്ചന്‍ പ്രതികരിച്ചു.


രാജ്യസഭയിലെ തന്റെ അസാന്നിധ്യം കൊണ്ട് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സച്ചിന്‍ ഇന്ന് കുട്ടികളുടെ കളിക്കാനുളള അവകാശത്തെ കുറിച്ചുളള ചര്‍ച്ചയ്ക്ക് തുടക്കമിടാനാണ് സഭയില്‍ എത്തിയത്. എംപിയായ ശേഷം നാലുവര്‍ഷം പിന്നിട്ടിരിക്കുന്ന വേളയിലുളള സച്ചിന്റെ ആദ്യ പ്രസംഗത്ത ഇന്ത്യ ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് അനുവദിച്ച സമയത്ത് വിഷയം അവതരിപ്പിക്കാന്‍ എഴുന്നേറ്റ സച്ചിനെ എതിരേറ്റത് പ്രതിപക്ഷ ബഹളമാണ്.കോണ്‍ഗ്രസും പാക്കിസ്ഥാനും ചേര്‍ന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന മോദിയുടെ പ്രസ്താവനയെ ചൊല്ലി വീണ്ടും രാജ്യസഭ പ്രക്ഷുബ്ധമായി.ബഹളം നിയന്ത്രണാതീതമായതോടെ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതായി സഭാ അധ്യക്ഷന്‍ പ്രഖ്യാപിച്ചു. എന്നാല്‍ സച്ചിനെ പ്രസംഗിക്കാന്‍ അനുവാദിക്കാതിരുന്നതിന് എതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. ലോക കായിക ഭൂപടത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഈ ദുരനുഭവം ഉണ്ടായത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് രാജ്യസഭ എം പി ജയ ബച്ചന്‍ പ്രതികരിച്ചു.