'കോണ്ടം വാങ്ങാന്‍ ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ കാണിക്കേണ്ട ആവശ്യമെന്താണ്'; കേന്ദ്രത്തെ വിമര്‍ശിച്ച് ചിദംബരം

ആധാറിനെ പിന്തുണച്ചുകൊണ്ടുള്ള ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് ചിദംബരം രംഗത്തെത്തിയത്
'കോണ്ടം വാങ്ങാന്‍ ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ കാണിക്കേണ്ട ആവശ്യമെന്താണ്'; കേന്ദ്രത്തെ വിമര്‍ശിച്ച് ചിദംബരം

മൊബൈല്‍ നമ്പറും ഗ്യാസ് കണക്ഷനും എന്നുവേണ്ട ഒരു മനുഷ്യന് ആവശ്യമായ എല്ലാമായും ആധാറിനെ ബന്ധിപ്പിക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് പി. ചിദംബരം രംഗത്ത്. ആകാശത്തിന് കീഴിലുള്ള എല്ലാമായും ആധാറിനെ ബന്ധിപ്പിക്കുകയാണെന്നും ഇതിനെ വിമര്‍ശിച്ചുകൊണ്ട് എന്ത് പറഞ്ഞാലും അത്‌ ഗവണ്‍മെന്റ് കേള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ ഉപയോഗിക്കുന്നത് ഗൗരവകരമായ അനന്തരഫലമുണ്ടാക്കും. ജനാധിപത്യ രാജ്യം എന്നതില്‍ നിന്ന് മാറി 'ഓര്‍വേലിയന്‍ സ്‌റ്റേറ്റാ'ക്കി ഇത് ഇന്ത്യയെ മാറ്റുമെന്നും ചിദംബരം വ്യക്തമാക്കി. ഒരു ആണിനും പെണ്ണിനും ഒരുമിച്ച് ഹോളിഡേ ആഘോഷിക്കണമെങ്കില്‍ വിവാഹം കഴിക്കണമെന്നില്ല. ഇതില്‍ എന്ത് തെറ്റാണുള്ളത്. ഒരു യുവാവിന് കോണ്ടം വാങ്ങണമെങ്കില്‍, എന്തിനാണ് അവരുടെ ആധാറും വ്യക്തിത്വവും തുറന്നുകാണിക്കുന്നതെന്നും മുന്‍ ധനകാര്യമന്ത്രി കൂടിയായ ചിദംബരം ചോദിച്ചു.

എന്ത് മരുന്നാണ് ഞാന്‍ വാങ്ങിക്കുന്നത്, ഏത് സിനിമയാണ് കാണുന്നത്, ഏത് ഹോട്ടലിലാണ് താമസിക്കുന്നത്, ആരൊക്കെയാണ് എന്റെ സുഹൃത്തുക്കള്‍ എന്നീ വിവരങ്ങള്‍ ഗവണ്‍മെന്റ് അറിയുന്നത് എന്തിനാണ്. തന്റെ ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പറിനെ ബന്ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗചെയ്യപ്പെടുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഐഡന്റിറ്റി രേഖയായും ഗവണ്‍മെന്റ് സബ്‌സിഡികള്‍ വ്യാപിപ്പിക്കുന്നതിനും ആധാര്‍ ഉപയോഗിക്കുന്നതില്‍ എതിരല്ലെന്നും ചിദംബരം പറഞ്ഞു.

ആധാറിനെ പിന്തുണച്ചുകൊണ്ടുള്ള ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് ചിദംബരം രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com