ഡല്‍ഹി മെട്രൊ പുതിയ ലൈന്‍ ഉദ്ഘാടനത്തിലേക്ക് കെജരിവാളിനു ക്ഷണമില്ല; ഉദ്ഘാടനത്തിനു മോദിക്കൊപ്പം യോഗിയും

ഡല്‍ഹി മെട്രൊ പുതിയ ലൈന്‍ ഉദ്ഘാടനത്തിലേക്ക് കെജരിവാളിനു ക്ഷണമില്ല; ഉദ്ഘാടനത്തിനു മോദിക്കൊപ്പം യോഗിയും
ഡല്‍ഹി മെട്രൊ പുതിയ ലൈന്‍ ഉദ്ഘാടനത്തിലേക്ക് കെജരിവാളിനു ക്ഷണമില്ല; ഉദ്ഘാടനത്തിനു മോദിക്കൊപ്പം യോഗിയും

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ പുതിയ ലൈന്‍ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രി അരവിന്ദ കെജരിവാളിനു ക്ഷണമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തിങ്കളാഴ്ച പുതിയ ലൈന്‍ ഉദ്ഘാടനം ചെയ്യുന്നത്. നോയിഡയില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  പങ്കെടുക്കുന്നുണ്ട്.

നോയിഡയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന് ഡല്‍ഹി കല്‍ക്കാജി വരെയാണ് ഡല്‍ഹി മെട്രയുടെ പുതിയ മജന്റ ലൈന്‍. 12.64 കിലോമീറ്റര്‍ ആണ് പുതിയ ലൈനിന്റെ ദൂരം. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷന്റെ ചടങ്ങിലേക്ക് ഡല്‍ഹി മുഖ്യമന്ത്രിയെ ക്ഷണിക്കാത്തത് വിവാദമായിട്ടുണ്ട്. കേന്ദ്ര നഗര വികസന മന്ത്രാലയത്തിനും മെട്രോ ലൈന്‍ വരുന്ന സംസ്ഥാനങ്ങള്‍ക്കും അന്‍പതു ശതമാനം വീതം പങ്കാളിത്തമാണ് ഡിഎംആര്‍സിയില്‍ ഉള്ളത്. നോയിഡ റൂട്ടില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് പകുതി വിഹിതം വഹിക്കുന്നത്. എന്നാല്‍ നേരിട്ടു ഫണ്ട് നല്‍കുന്നില്ലെങ്കില്‍ പോലും മനുഷ്യ വിഭവ ശേഷിയിലും സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഡല്‍ഹി സര്‍ക്കാരിനും ഇതില്‍ പങ്കാളിത്തമുണ്ട്. അതുകൊണ്ടുതന്നെ കെജരിവാളിനെ ക്ഷണിക്കാത്തത് അനുചിതമാണെന്നാണ് വിമര്‍ശനം ഉന്നയിക്കുന്നര്‍ ചൂണ്ടിക്കാട്ടുന്നത്. 

ചടങ്ങിനെക്കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഡിഎംആര്‍സി ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരും യുപി സര്‍ക്കാരുമാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതെന്ന് ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. 

നേരത്തെ ഫരിദാബാദ് ബന്ദര്‍പുര്‍ ലൈന്‍ ഉദ്ഘാടനം ചെയ്തപ്പോഴും കെജരിവാളിനെ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നില്ല. ബിജെപി ഭരണത്തിലുള്ള ഹരിയാനയായിരുന്നു ആ ചടങ്ങിന്റെ സംഘാടകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com