തൊഴിലില്ലായ്മ; പലര്‍ക്കും വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാകുന്നില്ല

2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയിലെ കണക്കുപ്രകാരം ലോണ്‍ എടുത്ത 47 ശതമാനം ആളുകളും വായ്പ തിരിച്ചടയ്ക്കാത്തവരാണ്.
തൊഴിലില്ലായ്മ; പലര്‍ക്കും വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാകുന്നില്ല

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസ വായ്പയെടുത്ത പലര്‍ക്കും തിരിച്ചടയ്ക്കാനാകുന്നില്ല. കോഴ്‌സ് കഴിഞ്ഞിട്ടും തൊഴിലില്ലാത്തതാണ് മുഖ്യകാരണമായി പറയുന്നത്. അതേസമയം, മികച്ച ശമ്പളമുള്ള തൊഴില്‍ ലഭിച്ചിട്ടും ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവരും ഏറെയുണ്ടെന്ന് ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയിലെ കണക്കുപ്രകാരം ലോണ്‍ എടുത്ത 47 ശതമാനം ആളുകളും വായ്പ തിരിച്ചടയ്ക്കാത്തവരാണ്. മാര്‍ച്ച് 2015ല്‍ 3,536 കോടിയായിരുന്ന കിട്ടാക്കടം 2017 മാര്‍ച്ച് ആയപ്പോള്‍ 5,192 കോടിയായി. 2015-16 സാമ്പത്തിക വര്‍ഷത്തിലാണ് കിട്ടാക്കടം കാര്യമായി വര്‍ധിച്ചതെന്ന് ലോക്‌സഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയിലെ കിട്ടാക്കടം ഈ കാലയളവില്‍ ഇരട്ടിയോളമായിട്ടുണ്ട്. 

വിദ്യാഭ്യാസ വായ്പ വാങ്ങി എന്‍ജിനിയറിങ്, എംബിഎ പോലുള്ള കോഴ്‌സുകള്‍ പഠിച്ചവരില്‍ പലര്‍ക്കും മികച്ച ജോലികിട്ടാത്തതാണ് വായ്പ തിരിച്ചടയ്ക്കാതിരിക്കാനുള്ള പ്രധാന കാരണം. മികച്ച കോളജുകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്കുപോലും ഭേദപ്പെട്ട ശമ്പളം കൊടുക്കാന്‍ പല വന്‍കിട കമ്പനികള്‍പ്പോലും മടിക്കുന്നതായി പറയുന്നു. ഈട് നല്‍കാതെ എടുക്കുന്ന വായ്പയായതിനാല്‍ പലരും ജോലി കിട്ടിയിട്ടും തിരിച്ചടയ്ക്കുന്നില്ലെന്നും ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com