ബംഗളൂരുവിന് ഇനി സ്വന്തം ലോഗോ; രാജ്യത്ത് ഇതാദ്യം 

സ്വന്തമായി ലോഗോയുള്ള ന്യൂയോര്‍ക് സിറ്റി, മെല്‍ബണ്‍, സിംഗപ്പൂര്‍, ലണ്ടന്‍, പാരിസ് നഗരങ്ങളോടൊപ്പം ബംഗളൂരുവും ഇടം കണ്ടെത്തി 
ബംഗളൂരുവിന് ഇനി സ്വന്തം ലോഗോ; രാജ്യത്ത് ഇതാദ്യം 

ഇന്ത്യയുടെ സിലിക്കണ്‍വാലി ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇനി സ്വന്തം മേല്‍വിലാസത്തില്‍ അറിയപ്പെടും. സ്വന്തമായി ലോഗോയുള്ള ആദ്യ ഇന്ത്യന്‍ നഗരമെന്ന ഖ്യാതി ഇനി ബംഗളൂരുവിന് സ്വന്തം. ഞായറാഴ്ച്ച വിധാന്‍ സൗധയില്‍ നടന്ന 'നമ്മ ബംഗളൂരു ഹബ്ബ' ചടങ്ങില്‍ ടൂറിസം മന്ത്രി പ്രിയങ്ക് ഖര്‍ഗെ, ബെംഗളൂരു വികസന മന്ത്രി കെ ജെ ജോര്‍ജ്, കൃഷിമന്ത്രി കൃഷ്ണബൈരെ ഗൗഡ തുടങ്ങിയവര്‍ ചേര്‍ന്നാണ് ബംഗളൂരുവിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കിയത്. ലോക ടൂറിസം ഭൂപടത്തില്‍ ബംഗളൂരു ബ്രാന്‍ഡ് ഉറപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

മല്‍സരത്തിലൂടെ തിരഞ്ഞെടുത്ത ലോഗോ കന്നഡ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. കറുപ്പ് ചുവപ്പ് എന്നീ നിറങ്ങളാണ് ലോഗോയില്‍ ഉപയോഗിച്ചിട്ടുള്ളത്. ലോഗോ രൂപകല്പന ചെയ്ത ബെംഗളൂരുവിലെ 'നമ്മൂരു' സ്റ്റാര്‍ടപ്പിന് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കി. ഇതോടെ, സ്വന്തമായി ലോഗോയുള്ള ന്യൂയോര്‍ക് സിറ്റി, മെല്‍ബണ്‍, സിംഗപ്പൂര്‍, ലണ്ടന്‍, പാരിസ് നഗരങ്ങളോടൊപ്പം ബംഗളൂരുവുംഇടം കണ്ടെത്തി. 

നഗരത്തിന്റെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്പും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമായ ഈ ആപ്പിലൂടെ നഗരത്തിലെ വിവിധ ഇടങ്ങളില്‍ നടക്കുന്ന കലാസാംസ്‌കാരിക പരിപാടികള്‍ അറിയാനാകും. വിനോദസഞ്ചാര കേന്ദ്രങ്ങളെയും ആശുപത്രി, ഹോട്ടല്‍, ഗതാഗതം തുടങ്ങിയവയെയും സമന്വയിപ്പിച്ചുള്ള ബ്രാന്‍ഡിങ്ങിലൂടെ കൂടുതല്‍ ആളുകളെ ബംഗളൂരുവിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com