എബിവിപിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ച്

അഭിപ്രായ സ്വാതന്ത്ര്യത്തും എബിവിപിയുടെ അതിക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധ മാര്‍ച്ചുമായി വിദ്യാര്‍ഥികള്‍
എബിവിപിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ച്

ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനും, എബിവിപിയുടെ അതിക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍. എബിവിപിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ക്യാംപെയ്‌നിനു തുടക്കമിട്ട ഗുല്‍മേഹര്‍ ഇല്ലാതെയാണ് വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച്.

ഡല്‍ഹി സര്‍വകലാശാലയ്ക്ക് പുറമെ മറ്റ് കോളെജുകളില്‍ നിന്നുമുള്ള വിദ്യര്‍ഥികളും അധ്യാപകരും പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഡ്യവുമായെത്തി. ആസാദി മുദ്രാവാക്യം വിളിച്ചായിരുന്നു വിദ്യാര്‍ഥികള്‍ മാര്‍ച്ചിനണിനിരന്നത്. സര്‍വകലാശാലയില്‍ നടപ്പിലാക്കിവരുന്ന എബിവിപിയുടെ ഗുണ്ടായിസം അവസാനിപ്പിക്കണ ആവശ്യവും വിദ്യാര്‍ഥികള്‍ മുന്നോട്ടുവയ്ക്കുന്നു. 

എബിവിപിയില്‍ നിന്നുയര്‍ന്ന ബലാത്സംഗ ഭീഷണിയും മറ്റ് വിമര്‍ശനങ്ങളേയും തുടര്‍ന്നാണ് ഗുല്‍മേഹര്‍ എബിവിപിക്കെതിരായ ക്യാംപെയ്‌നില്‍ നിന്നും കോളെജിലെ തുടര്‍ന്നുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ നിന്നും പിന്മാറിയത്‌. ഗുല്‍മേഹര്‍ ഡല്‍ഹി വിട്ട് പോയതായി പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി.  

വിദ്യാര്‍ഥികളുടെ പ്രതിഷേധ മാര്‍ച്ചിന് പിന്നാലെ എബിവിപിയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണറെ കാണുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രതിഷേധങ്ങളുടെ സംസ്‌കാരം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുന്നതിനായി ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ ക്ഷണിച്ചതോടെയാണ് സര്‍വകലാശാലയില്‍ സംഘര്‍ഷം ആരംഭിക്കുന്നത്. ഫെബ്രുവരി 22ന് എബിവിപി വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ അതിക്രമം അഴിച്ചുവിട്ടെന്നാണ് ആരോപണം. 

വിദ്യാര്‍ഥികള്‍ക്കെതിരെ എബിവിപിയുടെ ആക്രമണമുണ്ടായതിന്  പിന്നാലെയാണ് എബിവിപിയെ ഭയമില്ലെന്ന സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ ഗുല്‍മേഹര്‍ കൗര്‍ ആരംഭിക്കുന്നത്. ഗുല്‍മേഹറിനെതിരെ ബലാത്സംഗ ഭീഷണിയുണ്ടായെന്ന കേസില്‍ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com