അവസാനം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് രാഷ്ട്രപതിയാകുമോ?

ഭഗവതിന്റെ പേര് ബിജെപി ഒഴിവാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൊതുസ്വീകാര്യനായ ഒരാളെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഭഗവത് എത്താനുള്ള സാധ്യത ആര്‍എസ്എസും തള്ളുന്നില്ല
അവസാനം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് രാഷ്ട്രപതിയാകുമോ?

ഡല്‍ഹി: ജൂണ്‍ 20ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് എന്‍ഡിഎ പറയുമ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ടചര്‍ച്ചയില്‍ ആര്‍എസ്എസ് വീണ്ടും സജീവമായിരിക്കുകയാണ്. ശനിയാഴ്ച രാവിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഭഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടത്തിയതെന്നാണ് സൂചന.

ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കളായ ഭയ്യാജി ജോഷി, മോഹന്‍ ഭഗവത്, ദത്താത്രേയ ഹൊസബലെ, കൃഷ്ണഗോപാല്‍ എന്നിവരാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്. ഭഗവതിന്റെ പേര് ബിജെപി ഒഴിവാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൊതുസ്വീകാര്യനായ ഒരാളെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ മോഹന്‍ ഭഗവത് എത്താനുള്ള സാധ്യത ആര്‍എസ്എസും തള്ളുന്നില്ല. വെള്ളിയാഴ്ച അമിത് ഷായുമായി കണ്ടശേഷമായിരുന്നു മോഹന്‍ ഭഗവത് പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയത്. നാഗ്പൂരിലെത്തി ബിജെപി അധ്യക്ഷന്‍ ആര്‍എസ്എസ് മേധാവിയെ കാണുകയായിരുന്നു. 

ഭഗവത് നാഗ്പൂരിലേക്ക് മടങ്ങിയെങ്കിലും കൃഷ്ണഗോപാല്‍ ഡല്‍ഹിയില്‍ തന്നെ തങ്ങുകയാണ്. രാജനാഥ് സിങ്,വെങ്കയ്യ നായിഡു, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായി ആര്‍എസ്എസിനുവേണ്ടി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ മൂവര്‍ സംഘത്തെയാണ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ അമിത് ഷാ നിയോഗിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന് എതിര്‍പ്പില്ലാത്ത തരത്തില്‍ സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. 

അതേസമയം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയാല്‍ എതിര്‍ക്കില്ലെന്നും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നുമാണ് ആര്‍എസ്എസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു പൊതുസ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുമെന്ന് തന്നെയാണ് ഇപ്പോഴും ആര്‍എസ്എസ് പ്രതീക്ഷിക്കുന്നത്. മുരളി മനോഹര്‍ ജോഷിയും സുഷമാസ്വരാജും സുമിത്രാ മഹാജനുമാണ് അവസാനഘട്ട പരിഗണനയിലുള്ളത് എന്നാണ് സൂചന. എന്നാല്‍ തന്റെ പേരുണ്ടെന്ന് അഭ്യൂഹം മാത്രമാണെന്നായിരുന്നു സുഷമ സ്വരാജ് വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com