കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതില്‍ മുന്നില്‍ ഇന്ത്യ

ഏഷ്യ പസഫിക് രാജ്യങ്ങളുടെ കൂട്ടത്തില്‍ കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതില്‍ ഇന്ത്യ ഒന്നാമത്‌
കൈക്കൂലി നല്‍കി കാര്യം സാധിക്കുന്നതില്‍ മുന്നില്‍ ഇന്ത്യ

മുംബൈ: സര്‍ക്കാര്‍ ഓഫീസില്‍ നിന്നും ഒരു കാര്യം നടപ്പിലാക്കിയെടുക്കണമെങ്കില്‍ ഉദ്യോഗസ്ഥനെ കൈക്കൂലി നല്‍കണമെന്നാണ് ഇന്ത്യയില്‍ പൊതുവെ പിന്തുടര്‍ന്നു പോരുന്ന അപ്രഖ്യാപിത നിയമം. ഉദ്യോഗസ്ഥരുടെ കൈക്കൂലി വാങ്ങിയുള്ള ശീലം ഇല്ലാതാക്കാന്‍ സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കൈക്കൂലിയുടെ കാര്യത്തില്‍ പസഫിക് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ തന്നെയാണ് മുന്നിലെന്നാണ് ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണലിന്റെ സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

കാര്യ സാധ്യത്തിനായി ഇന്ത്യയിലെ പത്തില്‍ ഏഴ് പൗരന്മാരും കൈക്കൂലിയോ, കോഴയോ നല്‍കാന്‍ തയ്യാറാകുന്നു എന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുവെ മര്യാദാരാമന്മാരായ ജപ്പാനിലാണ് അഴിമതി നിരക്ക് ഏറ്റവും കുറവ്. 0.2 ശതമാനം പേര്‍ മാത്രമാണ് ഇവിടെ കൈക്കൂലി നല്‍കുന്നത്. 

ഉദ്യേഗസ്ഥരുടേയും മറ്റ് അധികാര സ്ഥാനത്തിരിക്കുന്നവരുടേയും അഴിമതി ഇല്ലാതാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളില്‍ തൃപ്തരാണെന്നാണ് സര്‍വെയില്‍ പങ്കെടുത്ത പകുതി ഇന്ത്യക്കാരും പറയുന്നത്. അതേസമയം കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്ത് അഴിമതി വര്‍ധിച്ചതായും 40 ശതമാനം പേര്‍ കരുതുന്നു. 

അഴിമതിക്കെതിരെ പോരാടാനും അത് ഇല്ലാതാക്കാനും രാജ്യത്തെ പൗരന്മാര്‍ക്ക് സാധിക്കുമെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 63 ശതമാനം ഇന്ത്യക്കാരും പ്രതീക്ഷ പ്രകടിപ്പിച്ചത്. രാജ്യത്ത് കൈക്കൂലി നല്‍കാന്‍ തയ്യാറാകുന്നവരില്‍ 73 ശതമാനവും സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവരാണ്. അഴിമതിക്കെതിരെ പോരാടുന്ന അന്താരാഷ്ട്ര സംഘടനയാണ് ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍.

ഏഷ്യ പസഫിക് മേഖലയിലെ 16 രാജ്യങ്ങളിലായി വരുന്ന 90 കോടി ജനങ്ങള്‍ സര്‍ക്കാരില്‍ നിന്നും മറ്റുമുള്ള സേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കാന്‍ തയ്യാറാകുന്നു. കൈക്കൂലി നല്‍കുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് പിന്നില്‍ വിയറ്റ്‌നാമാണ്. 65 ശതമാനം ജനങ്ങളും വിയറ്റ്‌നാമില്‍ കൈക്കൂലി നല്‍കാന്‍ തയ്യാറാകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com