പ്രസവാവധി 26 ആഴ്ചയാക്കുന്ന മെറ്റേണിറ്റി ബില്ലിന് ലോകസഭ അംഗീകാരം നല്‍കി

പ്രസവാവധി 26 ആഴ്ചയാക്കുന്ന മെറ്റേണിറ്റി ബില്ലിന് ലോകസഭ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: ഏറെ കാത്തിരിപ്പിനൊടുവില്‍ ലോകസഭയില്‍ മെറ്റേണിറ്റി ബില്ലിന് അംഗീകാരം ലഭിച്ചു. ശബ്ദ വോട്ടിലൂടെയാണ് ബില്ലിന് സഭ അനുമതി നല്‍കിയത്. പ്രസവാവധി 12 ആഴ്ചയെന്നുള്ളത് 26 ആഴ്ചയായി ഉയര്‍ത്തുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്. 
ഗര്‍ഭസമയത്തുള്ള കരുതലിനും കുഞ്ഞിന്റെ വളര്‍ച്ചയുടെ ആരംഭഘട്ടങ്ങളില്‍ കൂടുതല്‍ പരിചരണം നല്‍കാനും ഇത് അമ്മമാരെ സഹായിക്കുന്നതോടൊപ്പം അവധി സമയത്തുള്ള മുഴുവന്‍ ശമ്പളവും ലഭിക്കും. 

മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി ബില്‍) 2016 ഓഗസ്റ്റില്‍ രാജ്യസഭ പാസാക്കിയിരുന്നു. ഏകദേശം പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 
കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന അമ്മമാര്‍ക്കും വാടകഗര്‍ഭധാരണം നടത്തുന്നവര്‍ക്കും 12 ആഴ്ച വരെ മാതൃത്വ അവധി ലഭിക്കുമെന്നും ബില്ലിലുണ്ട്.
പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളെല്ലാം ഇത് പാലിക്കേണ്ടതുണ്ട്. അതേസമയം, ആദ്യ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് 26 ആഴ്ച അവധി ലഭിക്കുക. മൂന്നാം കുട്ടിക്കുള്ള പ്രസവാവധി 12 ആഴ്ചയാണ്. 

തൊഴില്‍ദാതാവിന്റെ സമ്മതത്തോടെ മാതാക്കള്‍ക്ക് വീട്ടില്‍നിന്നും ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുക, 50ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനത്തില്‍ ക്രഷ് സൗകര്യം ഏര്‍പ്പെടുത്തുക, നിയമത്തിനു കീഴില്‍ ലഭ്യമാവുന്ന സേവനങ്ങളെക്കുറിച്ച് ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ജീവനക്കാരെ എഴുത്തിലൂടെയോ ഇലക്രോണിക് മാര്‍ഗത്തിലൂടെയോ ധരിപ്പിക്കുക എന്നിവ നിയമം മുന്നോട്ടുവെക്കുന്ന കാര്യങ്ങളാണ്.
പ്രസവാവധിയുടെ കാര്യത്തില്‍ ഇതോടെ ഇന്ത്യ ലോകത്ത് കാനഡയ്ക്കും നോര്‍വെയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com