നിങ്ങള്‍ എന്നെ യുക്തിവാദിയാക്കി:  കോയമ്പത്തൂരില്‍ വധിക്കപ്പെട്ട ഫാറൂക്കിന്റെ പിതാവ് 

നിങ്ങള്‍ എന്നെ യുക്തിവാദിയാക്കി:  കോയമ്പത്തൂരില്‍ വധിക്കപ്പെട്ട ഫാറൂക്കിന്റെ പിതാവ് 

കോയമ്പത്തൂര്‍: മകന്റെ മാര്‍ഗം സ്വീകരിച്ച് യുക്തിവാദത്തിലേക്കു തിരിയുകയാണെന്ന്, കോയമ്പത്തൂരില്‍ മതത്തിനെതിരെ സംസാരിച്ചതിന്റെ പേരില്‍ വധിക്കപ്പെട്ട യുവാവിന്റെ പിതാവ്. മകന്‍ ഫാറൂഖ് പ്രവര്‍ത്തിച്ചിരുന്ന ദ്രാവിഡ വിടുതലൈ കഴകത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പിതാവ് ഹമീദ് വ്യക്തമാക്കി.  

മാര്‍ച്ച് 16 നാണ് 31കാരനായ ഫാറൂഖ് കൊലചെയ്യപ്പെട്ടത്. 
കടുത്ത യാഥാസ്ഥിതിക പശ്ചാത്തലത്തില്‍ വളര്‍ന്ന ഫാറൂഖ് കുറച്ചുകാലം മുമ്പാണ് യുക്തിചിന്തയില്‍ ആകൃഷ്ടനായത്. തമിഴ് നാട്ടിലെ ഒരു യുക്തിവാദി സംഘം ആയ ദ്രാവിഡര്‍ വിടുതലൈ കഴകത്തില്‍ അംഗത്വം എടുത്ത ഫറൂക്ക് സജീവമായി മതവിമര്‍ശന അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതോടെ കൂട്ടുകാരില്‍ പലരും അകന്നു. ചെറിയൊരു ബിസിനസ്സ് ഉണ്ടായിരുന്നതില്‍ പങ്കാളി മതവിമര്‍ശന കാര്യം പറഞ്ഞ് പിന്മാറി. ഫറൂക്കിനെ വെട്ടി കൊന്നതിന് അറസ്റ്റു ചെയ്യപ്പെടുകയും സ്വയം കീഴടങ്ങുകയും ചെയ്തവരില്‍ ചില പഴയ മിത്രങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫറൂക്കിന്റെ 51കാരനായ പിതാവ് ഹമീദ് (51) ഇസ്‌ലാം മത വിശ്വാസി ആയിരുന്നു. മതത്തിന്‍െയും ദൈവത്തിന്റെയും പേരില്‍ ആളുകളെ കൊല്ലുന്നതിനോട് യോജിക്കാനാവില്ല എന്നു വ്യക്തമാക്കിയാണ് ഹമീദ് ഡിവികെയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 

ഭാര്യയും രണ്ടു മക്കളുമുള്ള ഫാറൂഖിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ യുക്തിവാദി സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. മക്കളുടെ വിദ്യാഭ്യാസ ചുമതലകള്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ എതീസ്റ്റ് പബ്ലിഷേഴ്‌സും സാര്‍വദേശീയ സംഘടന ആയ റാഷണലിസ്റ്റ് ഇന്റര്‍നാഷണലും ചേര്‍ന്ന് ഏറ്റെടുക്കുമെന്ന് ഭാരവാഹിയായ സനല്‍ ഇടമറുക് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com