എന്തുകൊണ്ട് സെക്‌സി ദുര്‍ഗയും രാധയും മാത്രം..? സെക്‌സി മേരിയും ആയിഷയും ഒന്നും ഇല്ലാത്തതെന്ത്..? രാജീവ് ചന്ദ്രശേഖര്‍ എംപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2017 10:19 AM  |  

Last Updated: 18th November 2017 10:23 AM  |   A+A-   |  

ന്യൂഡല്‍ഹി : സെക്‌സി ദുര്‍ഗ എന്ന ചിത്രം ഗോവ അന്താരാഷ്ട്രമേളയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ സിനിമാ മേഖലയില്‍ അടക്കം പ്രതിഷേധം അലയടിക്കുകയാണ്. അതേസമയം ചില വിവാദ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യ ടുഡെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഗൗരവ് സി സാവന്തിന്റെ ട്വീറ്റിനെ പിന്തുണച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്. എന്തുകൊണ്ടാണ് ചലച്ചിത്രകാരന്മാര്‍ സെക്‌സി ദുര്‍ഗ, സെക്‌സി രാധ തുടങ്ങിയ പേരുകള്‍ മാത്രം ഇടുന്നു. എന്തുകൊണ്ട് സെക്‌സി മേരി, സെക്‌സി ഫാത്തിമ, സെക്‌സി ആയിഷ തുടങ്ങിയ പേരുകള്‍ ഇടുന്നില്ല എന്നായിരുന്നു ഗൗരവ് സാവന്തിന്റെ ട്വീറ്റ്. 

ഈ ചോദ്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എനിക്കും ഇതേക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ എപ്പോഴും മാനിക്കുന്നു. അതേസമയം എന്തുകൊണ്ടാണ് ഇത്തരം നീക്കങ്ങള്‍ ഒരു ഭാഗത്തേക്ക് മാത്രം..? ഗൗരവ് സാവന്തിന്റെ ട്വീറ്റിനെ ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖര്‍ ചോദിക്കുന്നു. 

രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ എഡിറ്റര്‍ ആര്‍തി ടീക്കോ സിംഗും രംഗത്തെത്തി. മേരിയും ആയിഷയുമൊന്നും സെക്‌സികളല്ലേ..? ഇന്ത്യന്‍ സിനിമാക്കാര്‍ ഫത്വകളെയും സ്റ്റുഡിയോകള്‍ നശിപ്പിക്കപ്പെടുമെന്നും വിചാരിച്ച് ഭയപ്പെടുന്നതുകൊണ്ടാകാമെന്നും ആര്‍തി ടീക്കോ സിംഗ് പറഞ്ഞു. ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച് സെക്‌സിനെസ്സ് എല്ലായിപ്പോഴും ആഘോഷിക്കപ്പെട്ടിട്ടുണ്ടെന്നും ആര്‍തി സിംഗ് അഭിപ്രായപ്പെട്ടു.