മാനുഷി ഛില്ലര്‍ ലോക സുന്ദരി: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം

മാനുഷി ഛില്ലര്‍ ലോക സുന്ദരി: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം

ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. 

ബെയ്ജിങ്: പതിനേഴ് വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടമെത്തിച്ച് ഹരിയാനയില്‍നിന്നുള്ള മിസ് ഇന്ത്യ മാനുഷി ഛില്ലര്‍. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. 

ഡൊമിനിക്കല്‍ റിപ്പബ്ലിക്കില്‍നിന്നുള്ള യാരിറ്റ്‌സെ റെയേസ് റണ്ണറപ്പായി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, കെനിയ, മെക്‌സിക്കോ എന്നി രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരാണ് ഫൈനലില്‍ പ്രവേശിച്ചത്. മെക്‌സിക്കോ സ്വദേശിനിയാണ് രണ്ടാം റണ്ണറപ്പ്. ഡോക്ടര്‍മാരായ ദമ്പതികളുടെ മകളാണ് ഹരിയാന സ്വദേശിയായ മാനുഷി. ഡെല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭൂല്‍ സിങ് വനിതാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.  

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏതെന്ന അവസാനവട്ട ചോദ്യത്തിന് 'അമ്മയുടെ ജോലി' എന്നാണ് മാനുഷി ഉത്തരം നല്‍കിയത്. തന്റെ അമ്മയാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനം എന്നും അമ്മയുടെ ജോലിയാണ് ഏറ്റവും മഹത്തരം എന്നും അത് പണത്തിനുപുറമേ ഏറെ സ്‌നേഹവും ബഹുമാനവും അര്‍ഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. 20 വയസുകാരിയായ ഇവര്‍ ഹരിയാനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. ആര്‍ത്തവ ശുചിത്വത്തേപ്പറ്റിയുള്ള ബോധവത്കരണത്തിനായി 20 ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് അയ്യായിരത്തിലേറെ സ്ത്രീകകളോട് സംവദിച്ചിട്ടുണ്ട് മാനുഷി.

ഇന്‍ഡോനീഷ്യ, റഷ്യ, ഇംഗ്ലണ്ട്, കൊറിയ, ജമൈക്ക, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, കെനിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് ടോപ്പ് ടെണ്‍ സെമി ഫൈനലിസ്റ്റുകളുടെ  പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, കെനിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഞ്ചുപേരാണ് ഫൈനലില്‍ മാറ്റുരച്ചത്.

റയ്ത ഫരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡന്‍, യുക്താ മുഖെ, പ്രിയങ്കാ ചോപ്ര എന്നിവരാണ് നേരത്തേ ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തിച്ചത്. ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര എന്നിവരാണ് സുന്ദരിപ്പട്ടത്തിന് ശേഷം ചലച്ചിത്ര മേഖലകളില്‍ സജീവമായി ആരാധകരെ സൃഷ്ടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com