പദ്മാവതിക്കെതിരായ നിലപാടില്‍ സംഘപരിവാറിനും കോണ്‍ഗ്രസിനും ഒരേ സ്വരം

പദ്മാവതിക്ക് ഇതുവരെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത് എന്നാണ് സൂചന
പദ്മാവതിക്കെതിരായ നിലപാടില്‍ സംഘപരിവാറിനും കോണ്‍ഗ്രസിനും ഒരേ സ്വരം

ജയ്പുര്‍: സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവതിക്കെതിരായ നിലപാടില്‍ രാജസ്ഥാനിലെ ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഒരേ സ്വരം. ബന്‍സാലിക്കും ചിത്രത്തിലെ നായിക ദീപിക പദുക്കോണിനും എതിരെ സംഘപരിവാര്‍ നേതാക്കള്‍ ഉറഞ്ഞുതുള്ളുമ്പോള്‍ എതിര്‍പ്പിന്റെ ഒരു ശബ്ദവും ഉയരുന്നില്ല, പ്രതിപക്ഷ നിരയില്‍നിന്ന്. മാത്രമല്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ മാനിക്കുമ്പോള്‍ തന്നെ സമുദായങ്ങളുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്നത് അംഗീകിരിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

സിനിമ കാണാതെ തന്നെ സിനിമയ്‌ക്കെതിരെ രംഗത്തുവന്ന സംഘപരിവാറിന് ഒപ്പം നില്‍ക്കുന്ന നിലപാടാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റേത്. ജനങ്ങളുടെ വികാരം മാനിക്കാതെയുള്ള ഒരു നിലപാടും തങ്ങള്‍ക്കു സ്വീകരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറയുന്നു. വസുന്ധരെ രാജെ സിന്ധ്യ സര്‍ക്കാരാണ് സ്ഥിതി വഷളാക്കിയത്. ഇത്ര നാളായിട്ടും പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിനായിട്ടില്ല. ഇതിപ്പോള്‍ ജനങ്ങളുടെ വികാരമായി വളര്‍ന്ന സ്ഥിതിക്ക് കോണ്‍ഗ്രസിന് അതിന് ഒപ്പം നില്‍ക്കാനാവില്ലെന്നാണ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യത്തെയും സര്‍ഗാത്മകതയെയുമെല്ലാം മാനിക്കുന്നു. എന്നാല്‍ അതെല്ലാം ജനവികാരത്തിന് എതിരെ വന്നാല്‍ എന്തുചെയ്യുമെന്നാണ് സചിന്‍ പൈലറ്റിന്റെ ചോദ്യം.

ബന്‍സാലിക്കും ദിപീകയ്ക്കുമെതിരെ പരസ്യമായ അക്രമ ആഹ്വാനം ചെയ്ത കര്‍നി സേനയ്‌ക്കെതിരെ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ നിലപാടില്‍നില്‍ക്കുന്നതുകൊണ്ടാണ് കൊലപാതകത്തിന്  ആഹ്വാനം ചെയ്തവര്‍ക്ക് എതിരെ പോലും നടപടിയില്ലാത്തത് എന്നാണ് ആക്ഷേപം. ചിത്രത്തില്‍ രാജ്പുത് സമുദായത്തിന് ആക്ഷേപകരമായി ഒന്നുമില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഡല്‍ഹിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ കണ്ട മാധ്യമപ്രവര്‍ത്തകരും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതൊന്നും അംഗീകരിക്കാനാവില്ലെന്നാണ് രാജസ്ഥാനിലെ സംഘനേതാക്കളുടെ പക്ഷം. തങ്ങള്‍ക്കു മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കുക. ആക്ഷേപകരമായ എന്തെങ്കിലും ഉണ്ടോയെന്നു എന്നിട്ടു പറയാം എന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. 

പദ്മാവതിക്ക് ഇതുവരെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത് എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com