ഡല്‍ഹിയില്‍നിന്നു കാണാതായ കേജ്‌രിവാളിന്റെ കാര്‍ യുപിയില്‍ കണ്ടെത്തി

യുപിയിലെ ഗാസിയാബാദിലാണു കാര്‍ കണ്ടെത്തിയതെന്നു ഡല്‍ഹി പൊലീസ് അറിയിച്ചു.
ഡല്‍ഹിയില്‍നിന്നു കാണാതായ കേജ്‌രിവാളിന്റെ കാര്‍ യുപിയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. ഡല്‍ഹി സെക്രട്ടേറിയറ്റിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഗണ്‍ ആര്‍ കാര്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണു മോഷ്ടിക്കപ്പെട്ടത്. യുപിയിലെ ഗാസിയാബാദിലാണു കാര്‍ കണ്ടെത്തിയതെന്നു ഡല്‍ഹി പൊലീസ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാര്‍. വിവരം ഉത്തര്‍ പ്രദേശ് പൊലീസ് ഡല്‍ഹി പൊലീസിനെ അറിയിക്കുകയായിരുന്നു. കാര്‍ ഉപേക്ഷിക്കപ്പെട്ട പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം പ്രതികളെ തിരിച്ചറിഞ്ഞു. പ്രതിയെന്നു സംശയിക്കുന്നവരുടെ ചിത്രം ഡല്‍ഹിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

2015ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതല്‍ കേജ്‌രിവാള്‍ ഉപയോഗിച്ചിരുന്നത് ഈ നീലക്കാറായിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രിയുടെ വാഹനം ഇന്നോവയിലേക്ക് മാറിയപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ പല ആവശ്യങ്ങള്‍ക്കുമായിരുന്നു കാര്‍ ഉപയോഗിച്ചിരുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കുന്ദര്‍ ശര്‍മ 2013 ജനുവരിയില്‍ കേജ്‌രിവാളിന് സമ്മാനിച്ചതാണ് കാര്‍.

2013ലെ തിരഞ്ഞെടുപ്പു കാലത്താണു കേജ്‌രിവാളിന്റെ കാര്‍ വിഐപിയായി മാറിയത്. പ്രചാരണകാലത്തും പിന്നീടു മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹത്തിന്റെ സഞ്ചാരം ഈ കാറിലായിരുന്നു. 2014ല്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തിനും കാര്‍ വേദിയായി. ആഭ്യന്തര മന്ത്രാലയത്തിനെതിരെ റയില്‍ ഭവനിനു മുന്നില്‍ കേജ്‌രിവാള്‍ സമരം നടത്തിയപ്പോള്‍ കാറിലായിരുന്നു യോഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com