ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് തേജസ് എക്‌സ്പ്രസിലെ 24 യാത്രക്കാര്‍ ആശുപത്രിയില്‍

By സമകാലികമലയാളം ഡെസ്‌ക്   |   Published: 15th October 2017 08:11 PM  |  

Last Updated: 15th October 2017 08:11 PM  |   A+A-   |  

tejas_expressgjhjkhjk

ന്യൂഡല്‍ഹി: മുംബൈയിലേക്കു പോയ്‌ക്കൊണ്ടിരുന്ന തേജസ് എക്‌സ്പ്രസിലെ 24 യാത്രക്കാരെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ചിപ്ലുന്‍ സ്‌റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയിട്ട ശേഷമാണ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഏകദേശം 12 മണിയായതോടുകൂടി യാത്രക്കാരില്‍ ചിലര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും പരാതിപ്പെടുകയുമായിരുന്നു. 

ഞായറാഴ്ച രാവിലെ 9.30നും പത്തിനും മധ്യേ നല്‍കിയ പ്രഭാത ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് വിവരം. ക്ഷീണവും ശരീര വേദനയും അനുഭവപ്പെടുന്നതായി ഉച്ചയോടെ നിരവധി യാത്രക്കാര്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്നാണ് 24 യാത്രക്കാരെ രത്‌നഗിരി ജില്ലയിലെ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് മധ്യറെയില്‍വെ അന്വേഷണത്തിന് ഉത്തരവിട്ടു. പരിശോധനയ്ക്കായി ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയില്‍െവെ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) അറിയിച്ചു. 290 പേര്‍ക്കാണ് പ്രഭാത ഭക്ഷണം നല്‍കിയതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിമാന യാത്രയിലെ സുഖ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള തീവണ്ടിയാണ് തേജസ് എക്‌സ്പ്രസ്. ജനശതാബ്ദിയേക്കാള്‍ വേഗത്തില്‍ ഓടുന്ന തീവണ്ടിയാണിത്. എല്‍ഇഡി സ്‌ക്രീന്‍, കോഫി വെന്‍ഡിങ് യന്ത്രങ്ങള്‍, വൈഫൈ തുടങ്ങിയ സൗകര്യങ്ങലാണ് തീവണ്ടിയിലുള്ളത്. മുംബൈയില്‍നിന്ന് ഗോവയിലേക്കുള്ള ആദ്യ യാത്രയില്‍തന്നെ തീവണ്ടിയിലെ ഹെഡ് ഫോണുകള്‍ മോഷ്ടിക്കുകയും എല്‍ഡിഡി സ്‌ക്രീനുകള്‍ കേടാക്കുകയും ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.