വിശാലസഖ്യത്തിനില്ലെന്ന് ഹാര്‍ദിക് പട്ടേല്‍; അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍; മോദി ഇന്ന് ഗുജറാത്തിലെത്തും

തിരിച്ചടി നേരിട്ടത് ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പ്പേശ് താക്കൂര്‍ എന്നിവരെ കൂടെ നിര്‍ത്തിയുളള കോണ്‍ഗ്രസ് തന്ത്രത്തിന് 
വിശാലസഖ്യത്തിനില്ലെന്ന് ഹാര്‍ദിക് പട്ടേല്‍; അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍; മോദി ഇന്ന് ഗുജറാത്തിലെത്തും

അഹമ്മദാബാദ്: ഗുജറാത്തില്‍ വിശാലസഖ്യം രൂപികരിച്ച് ബിജെപിയെ നേരിടാനുളള കോണ്‍ഗ്രസ് തന്ത്രത്തിന് തുടക്കത്തിലെ കല്ലുകടി. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനുളള ഓഫര്‍ പട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍ നിഷേധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഹാര്‍ദിക് പട്ടേലിന് പുറമേ ദളിത് നേതാവ് ജിഗ്നേഷ് മേവാനി, പിന്നോക്ക വിഭാഗ നേതാവ് അല്‍പ്പേഷ് താക്കൂര്‍ എന്നിവരെ കൂടെ നിര്‍ത്തി വിശാല സഖ്യം രൂപികരിച്ചു ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനുളള കോണ്‍ഗ്രസ് ശ്രമത്തിനാണ് തുടക്കത്തില്‍ തന്നെ പാളിച്ച സംഭവിച്ചത്. 

അതേസമയം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും പ്രഖ്യാപനങ്ങള്‍ക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വീണ്ടും ഗുജറാത്തിലെത്തും.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യം ഇല്ലായെന്ന് ചൂണ്ടികാണിച്ചാണ്  ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് ഓഫര്‍ നിരാകരിച്ചത്. പട്ടിദാര്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും പോരാടുകയാണ് തന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ഓഫര്‍ നിരസിച്ച് ഹാര്‍ദിക് പട്ടേല്‍ ട്വറ്ററിലുടെ പ്രതികരിച്ചു.  

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഹാര്‍ദിക് പട്ടേലിന്റെ പ്രതികരണം. സമാനമായ നിലയില്‍ കൂടിക്കാഴ്ച നടത്തിയ പിന്നോക്ക വിഭാഗം നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശന വേളയില്‍ അല്‍പേഷ് താക്കൂര്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരും.

അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ണായ ശക്തിയായ ദളിത് നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഓഫര്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.  ദളിത് സംഘടന അംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം തീരുമാനം കൈക്കൊളളുമെന്ന് ജിഗ്നേഷ് മേവാനി അറിയിച്ചു.

അതേസമയം വിശാല സഖ്യം രൂപികരിച്ച് ബിജെപിയെ നേരിടാമെന്ന കോണ്‍ഗ്രസ് തന്ത്രത്തിന് തുടക്കത്തിലെ തിരിച്ചടി നേരിട്ടത് നേതൃത്വത്തെ പ്രതിരോധത്തിലാക്കും. യുവാക്കളുടെ ഹരമായ ഈ മൂന്നുപേരെയും കൂടെ നിര്‍ത്തി വോട്ടുപിടിക്കാമെന്നായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടിയാണ് ഇതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുറന്നടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com