ഗബ്ബര്‍ സിങ് ടാക്‌സ് സൂപ്പര്‍ ഹിറ്റ്; രാഹുലിന്റെ വാക്കുകള്‍ ഏറ്റുപറഞ്ഞ് നവമാധ്യമങ്ങള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2017 10:38 AM  |  

Last Updated: 24th October 2017 10:38 AM  |   A+A-   |  

RAHUL-2

 

ന്യൂഡല്‍ഹി: ചരക്കു സേവന നികുതിയെ (ജിഎസ്ടി) ഗബ്ബര്‍ സിങ് ടാക്‌സ് എന്നു പരിഹസിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുന്നു. രാജ്യത്ത് പലയിടത്തും നടക്കുന്ന ജിഎസ്ടി പ്രതിഷേധങ്ങളും ജിഎസ്ടി നടപ്പാക്കിയതിലെ അപ്രായോഗികതകളും ഗബ്ബര്‍ സിങ് ടാക്‌സ് എന്ന ഹാഷ്ടാഗിലാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിനൊപ്പം തന്നെ രമേഷ് സിപ്പിയുടെ ഷോലെയിലെ ഗബ്ബര്‍ സിങ് രംഗങ്ങളും സജീവമായി ഓടുന്നുന്നുണ്ട്, നവ മാധ്യമങ്ങളില്‍.

 

ഗുജറാത്തിലെ ഗാന്ധിനഗറില്‍ കഴിഞ്ഞ ദിവസം നടത്തിയ റാലിയിലാണ് രാഹുല്‍ ജിഎസ്ടിയെ ഗബ്ബര്‍ സിങ് ടാക്‌സ് എന്നു വിശേഷിപ്പിച്ചത്. രമേഷ് സിപ്പിയുടെ വിഖ്യാത ചിത്രം ഷോലെയില്‍ അംജത് ഖാന്‍ അവതരിപ്പിച്ച ഗബ്ബര്‍ സിങ് എന്ന കൊള്ളക്കാരനെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. നോട്ടുനിരോധനത്തിനു പിന്നാലെ ജിഎസ്ടി കൂടി നടപ്പാക്കിയ മോദി നാടിനെ നശിപ്പിച്ചെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.

 

 

രാഹുലിന്റെ പ്രസംഗത്തിനു പിന്നാലെ ഗബ്ബര്‍ സിങ് ടാക്‌സ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലാവുകയായിരുന്നു. ജിഎസ്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒട്ടേറെ  പേര്‍ ഗബ്ബര്‍ സിങ് ടാക്‌സ് എന്ന ഹാഷ് ടാഗിലാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതോടൊപ്പം പലരും ഷോലെയിലെ ഗബ്ബര്‍ സിങ് രംഗങ്ങളും ഓര്‍മിപ്പിച്ചു.

 

ട്വിറ്ററില്‍ സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റുകളുടെ എണ്ണം കണക്കാക്കിയാണ് ഇത്തരമൊരു വിലയിരുത്തല്‍ വന്നത്. എന്നാല്‍ ഇതിനു പിന്നാലെ രാഹുലിന്റെ ട്വിറ്റര്‍ ജനകീയത വ്യാജമാണെന്ന വാര്‍ത്തയും ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതു ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നവ മാധ്യമങ്ങളിലെ കുറിപ്പുകള്‍ മാത്രമല്ല, പൊതുപരിപാടികളില്‍ രാഹുല്‍ നടത്തുന്ന പ്രസംഗങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.