ഗ്രാമവാസികളെ വീട്ടിനുള്ളില്‍ അടച്ചൂപൂട്ടി യോഗി ആദിത്യനാഥിന്റെ താജ്മഹല്‍ സന്ദര്‍ശനം വിവാദമാകുന്നു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2017 10:28 PM  |  

Last Updated: 26th October 2017 10:31 PM  |   A+A-   |  

 

ആഗ്ര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ താജ്മഹല്‍ സന്ദര്‍ശനത്തിനിടെ വീടുകള്‍ അടച്ചുപൂട്ടിയ നടപടി വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ്‌ മണിക്കൂറുകളോളം ഗ്രാമവാസികള്‍ വീട്ടിനുള്ളില്‍  തടങ്കലിലായത്. 

താജ്മഹലിന് സമീപമുള്ള കച്ച്പുര വില്ലേജിലെ ഗ്രാമവാസികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടെ പുറത്ത് നിന്ന് വീടുകള്‍ താഴിട്ട് പൂട്ടിയതോടെ കുട്ടികളും വൃദ്ധന്മാരുമടങ്ങിയവര്‍ അനുഭവിച്ച ദുരിതവും ചില്ലറയായിരുന്നില്ല. ഭരണകൂടത്തിന്റെ ഈ നടപടി ആസാധാരണമായിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ ഞങ്ങളും ആഗ്രഹിച്ചിരുന്നു. എന്നാല്‍ പൊലീസുകാര്‍ വന്ന് രാവിലെ തന്നെ തങ്ങളുടെ വീടുകള്‍ പുറത്ത് നിന്നും പൂട്ടി. ഇത് അസാധാരണമായിരുന്നു. ഇത്തരം തിട്ടൂരങ്ങള്‍ മുഖ്യമന്ത്രിയെ കാണാനുള്ള തങ്ങളുടെ ആകാംക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാതായി ഗ്രാമവാസികള്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ഇടുങ്ങിയ സ്ഥലത്ത് കഴിയുന്ന ഗ്രാമവാസികളെ പ്രതിനിധീകരിച്ച് രണ്ടുപേര്‍്ക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്. ബാക്കിയുള്ളവരോട് വീടുകളില്‍ തങ്ങാന്‍ ആവശ്യപ്പെടുകായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നെന്നും ഗ്രാമവാസികള്‍ പറഞ്ഞു

സംഭവം വിവാദമായതോടെ ആരെയും വീട്ടിനുള്ളില്‍ പൂട്ടിയിട്ടിട്ടില്ലെന്ന മറുപടിയുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ബാരിക്കേഡുകള്‍ ഒരുക്കുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിക്കാവശ്യമായ പ്രോട്ടോകോള്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയതെന്നും ബിജെപി വക്താവ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ടൂറിസം ബുക്ക് ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയതും ബിജെപി നേതാക്കളുടെ താജ്മഹല്‍ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെയും ആഗ്രയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.