ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റ് വാറന്റ് കോടതി റദ്ദാക്കി

ആവശ്യമാണെങ്കില്‍ ഇനിയും ഹാജരാകാമെന്ന ഹാര്‍ദിക് പട്ടേലിന്റെ ഉറപ്പിന്‍മേലാണ് അറസ്റ്റ് വാറന്റ് കോടതി റദ്ദാക്കിയത്
ഹാര്‍ദിക് പട്ടേലിന്റെ അറസ്റ്റ് വാറന്റ് കോടതി റദ്ദാക്കി

മെഹ്‌സാന: ഗുജറാത്ത് പട്ടേല്‍ സംവവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് വിസ്‌നഗര്‍ സെഷന്‍സ് കോടതി റദ്ദാക്കി. ആവശ്യമാണെങ്കില്‍ ഇനിയും ഹാജരാകാമെന്ന ഹാര്‍ദിക് പട്ടേലിന്റെ ഉറപ്പിന്‍മേലാണ് അറസ്റ്റ് വാറന്റ് കോടതി റദ്ദാക്കിയത്. 

2015ലെ പട്ടേല്‍ പ്രക്ഷോഭ സമയത്ത് ബിജെപി എംഎല്‍എയുടെ ഓഫീസ് അടിച്ചുതകര്‍ത്തു എന്ന കേസിലായിരുന്നു പട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി കണ്‍വീനര്‍  ഹാര്‍ദിക് പട്ടേലിനേയും ആറ് സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം കോടതി ജാമ്യമില്ല അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം തന്നെയാണ് ഹാര്‍ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ വാറന്റ് വന്നതെന്നത് ശശ്രദ്ധേയമാണ്. ഹാര്‍ദിക്ക് കോണ്‍ഗ്രസുമായി അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഖ്യമാകാം എന്ന നിലപാടിലാണ് ഹാര്‍ദിക്ക് പട്ടേലിന്റെത്. പക തീര്‍ക്കാന്‍ ബിജെപി പഴയ കേസുകള്‍ കുത്തിപ്പൊക്കുകയാണ് എന്നാണ് ഹാര്‍ദിക് പട്ടേലിന്റെ പ്രതികരണം. 

പട്ടേലിന്റെ അടുത്ത അനുയായി നരേന്ദ്ര പട്ടേല്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി തനിക്ക് ഒരുകോടി വാഗ്ദാനം നല്‍കി എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ബിജെപിയില്‍ ചേര്‍ന്ന നരേന്ദ്ര പട്ടേല്‍ പിറ്റേദിവസം രാജിവെചച്ച് പുറത്തുവന്ന ശേഷമായിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. പാര്‍ട്ടിയില്‍ ചേരാന്‍ ഒരുകോടി വാഗ്ദാനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിത്തുഭായി വഖാനിക്കെതിരെ നരേന്ദ്ര പട്ടേല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹാര്‍ദിക് പട്ടേലിനെതിരെ കോടതി ജാമ്യമില്ല അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com