വൃന്ദാവനും, ബര്‍സനയും തീര്‍ഥാടക കേന്ദ്രങ്ങളാക്കി യുപി സര്‍ക്കാര്‍; മാംസം മദ്യം എന്നിവയ്ക്ക് വിലക്ക്‌

കൃഷ്ണന്റെ ജന്മസ്ഥലമായ വൃന്ദാവനും, രാധയുടെ ജന്മദേശമായ ബര്‍സനയും തീര്‍ഥാടക കേന്ദ്രം
വൃന്ദാവനും, ബര്‍സനയും തീര്‍ഥാടക കേന്ദ്രങ്ങളാക്കി യുപി സര്‍ക്കാര്‍; മാംസം മദ്യം എന്നിവയ്ക്ക് വിലക്ക്‌

ലഖ്‌നൗ: താജ് മഹലിനെതിരെ നിലപാടെടുത്തതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ യുപിയില്‍ മറ്റൊരു തീര്‍ഥടക കേന്ദ്രം കൂടി പ്രഖ്യാപിച്ചു. വൃന്ദാവന്‍, ബര്‍സാന എന്നീ രണ്ട് സ്ഥലങ്ങളെയാണ് യുപി സര്‍ക്കാര്‍ വെള്ളിയാഴ്ച പുതിയ തീര്‍ഥാടക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്. 

ഇവയെ തീര്‍ഥാടക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചതിന് പുറമെ, ഇവിടെ മുട്ട, മറ്റ് മാംസ ഭക്ഷണങ്ങള്‍, മദ്യം എന്നിവയ്ക്ക് യുപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വൃന്ദാവനും, ബര്‍സാനയും പവിത്രമായ തീര്‍ഥ സ്ഥലങ്ങളായി രേഖപ്പെടുത്തിയാണ് യുപി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. 

നവംബര്‍ 22 മുതല്‍ മൂന്ന് ഘട്ടമായി യുപിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹിന്ദു ഐതിഹ്യങ്ങളില്‍ ഏറെ പ്രധാനപ്പെട്ട വൃന്ദാവനെ സര്‍ക്കാര്‍ തീര്‍ഥാടക സ്ഥലമായി പ്രഖ്യാപിച്ചിരിക്കുന്നത്. 

കൃഷ്ണന്റേയും സഹോദരന്‍ ബല്‍രാമന്റേയും ജന്മസ്ഥലമായാണ് മധുരയിലെ വൃന്ദാവന്‍ അറിയപ്പെടുന്നത്. രാഥയുടെ ജന്മസ്ഥലമാണ് ബര്‍സാന. ഈ സ്ഥലങ്ങളുടെ ചരിത്ര പ്രാധാന്യവും, സഞ്ചാരികളെ ആകര്‍ശിക്കാനുള്ള മാര്‍ഗവുമായിട്ടാണ് ഇവയെ തീര്‍ഥാടക കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതെന്ന് യുപി സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 

ഇരുസ്ഥലങ്ങളുടേയും പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 350 കോടി രൂപ അനുവദിച്ചതായി യുപി മതവിഭാഗം മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. യുപിയിലെ എല്ലാ മത കേ്ന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com