ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് ബിഹാറില്‍ 389 കോടിയുടെ കനാല്‍ ഭിത്തി തകര്‍ന്നു വീണു

ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്കു മുന്‍പേയായിരുന്നു സംഭവം.
ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് ബിഹാറില്‍ 389 കോടിയുടെ കനാല്‍ ഭിത്തി തകര്‍ന്നു വീണു

പട്‌ന: ബിഹാറില്‍ ജലസേചന പദ്ധതിയുടെ ഭാഗമായി 389 കോടി രൂപ ചെലവിട്ടു നിര്‍മിച്ച കനാല്‍ ഭിത്തി തകര്‍ന്നു. ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്കു മുന്‍പേയായിരുന്നു സംഭവം. ഭഗല്‍പ്പൂരില്‍ നിര്‍മിച്ച 11 കിലോമീറ്റര്‍ നീളമുള്ള കനാലിന്റെ ഭിത്തിയുടെ ഒരു ഭാഗമാണു തകര്‍ന്നത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബുധനാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. അപകടത്തെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റിവച്ചു. ബിഹാറില്‍ നടപ്പാക്കുന്ന നിര്‍മാണ പ്രവൃത്തികളില്‍ അഴിമതി വ്യാപകമാണെന്ന പരാതി നിലനില്‍ക്കെയാണ് സംഭവം. 

ഗംഗാനദിയില്‍നിന്നുള്ള വെള്ളം കനാലിലേക്കു പമ്പു ചെയ്തതിനു പിന്നാലെയാണ് ഭിത്തി തകര്‍ന്നത്. സമീപത്തെ റോഡുകളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും വെള്ളം കുത്തിയൊലിച്ചെത്തിയത് ആശങ്കയുയര്‍ത്തി. മണല്‍ചാക്കുകള്‍ നിരത്തിയാണു ജലപ്രവാഹം നിയന്തിച്ചത്.

ബിഹാറിലെയും ജാര്‍ഖണ്ഡിലെയും 27,603 ഹെക്ടറിലെ ജലസേചനം ലക്ഷ്യമിട്ടു തയാറാക്കിയ പദ്ധതിയാണിത്. 40 വര്‍ഷം മുന്‍പ് തയാറാക്കിയ പ്രോജക്ട് നീണ്ടുപോയതോടെ നിര്‍മാണച്ചെലവും കുത്തനെ കയറുകയായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി.

ഭിത്തി തകര്‍ന്നത് പുനര്‍നിര്‍മിച്ചെന്നും ശക്തിപ്പെടുത്തല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ജലവിഭവ വകുപ്പ് അറിയിച്ചു. കനാലിനു താഴെയുള്ള അണ്ടര്‍പാസിന്റെ നിര്‍മാണത്തിലുണ്ടായ പിഴവാണ് തകര്‍ച്ചയ്ക്കു കാരണമെന്നും അധികൃതര്‍ പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങളെല്ലാം രണ്ടു മാസത്തിനകം പരിഹരിച്ച് ശേഷം പുതിയ ഉദ്ഘാടന ദിവസം പ്രഖ്യാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com