പട്ടികജാതി-പട്ടിക വര്‍ഗ നിയമത്തിന് എതിരല്ല ;  നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുപ്രീംകോടതി

ഒരു പരാതി കിട്ടിയാല്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി
പട്ടികജാതി-പട്ടിക വര്‍ഗ നിയമത്തിന് എതിരല്ല ;  നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച വിധിയെ ന്യായീകരിച്ച് സുപ്രീംകോടതി. കോടതി വിധി ഒരുതരത്തിലും പട്ടികജാതി-പട്ടിക വര്‍ഗ നിയമത്തിന് എതിരല്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കോടതി വ്യക്തമാക്കി. ഒരു പരാതി കിട്ടിയാല്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. 

വിധി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. കോടതി വിധിക്ക് ശേഷം പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസെടുക്കാന്‍ പറ്റാത്ത സാഹചര്യം വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. 

ഇതുമൂലം പലസ്ഥലങ്ങളിലും സംഘര്‍ഷം ഉണ്ടാകുന്നതായും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അപ്പോഴായിരുന്നു സുപ്രീംകോടതി പട്ടികജാതി-പട്ടിക വര്‍ഗ നിയമത്തിന് എതിരല്ലെന്ന് വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എ കെ ഗോയലിന്റെയും യുയു ലളിതിന്റെയും ബെഞ്ചാണ് എസ് സി-എസ്ടി നിയമത്തില്‍ മുന്‍ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചത്. 

എസ്‌സി-എസ്ടി നിയമത്തിന്റെ ദുരുപയോഗം തട
യുക ലക്ഷ്യത്തോടെ ജസ്റ്റിസുമാരായ എ കെ ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് മാര്‍ച്ച് 20 ന് വിധി പുറപ്പെടുവിച്ചത്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്നാണ് വിധിയിലെ പ്രധാന നിര്‍ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളില്‍ നിയമന അധികാരിയില്‍ നിന്ന് അനുമതി വാങ്ങുകയും, ഡെപ്യൂട്ടി സൂപ്രണ്ടില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്‍ പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തശേഷമേ അറസ്റ്റ് ചെയ്യാവൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍, അറസ്റ്റിന് ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണം. കള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ ജാമ്യം നല്‍കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ സുപ്രീംകോടതി വിധി എസ് സി-എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അത്ിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നായിരുന്നു ദലിത് വിഭാഗങ്ങളുടെ ആശങ്ക. ദലിത് വിഭാഗങ്ങളുടെ ആശങ്കയോട് അനുഭാവം പ്രകടിപ്പിച്ച് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. സുപ്രീംകോടതി ഉത്തരവിനെതിരെ ഉത്തരേന്ത്യയില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com