മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായി കവിളില്‍ തൊട്ടു;തമിഴ്‌നാട് ഗവര്‍ണര്‍ വിവാദത്തില്‍

'നിരവധി തവണ എന്റെ മുഖം കഴുകി. എന്നിട്ടും അതില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിച്ചിട്ടില്ല'
മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായി കവിളില്‍ തൊട്ടു;തമിഴ്‌നാട് ഗവര്‍ണര്‍ വിവാദത്തില്‍

ചെന്നൈ; മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ തൊട്ട തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വിവാദത്തില്‍. ദി വീക്കിലെ മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി സുബ്രഹ്മണ്യന്റെ കവിളിലാണ് ഗവര്‍ണര്‍ തൊട്ടത്. ലക്ഷ്മി തന്നെയാണ് സംഭവത്തെക്കുറിച്ച് പുറത്തുവിട്ടത്. ഗവര്‍ണര്‍ മുഖത്ത് സ്പര്‍ശിക്കുന്നതിന്റെ ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്. 

രാജ്ഭവനില്‍ നടന്ന പത്രസമ്മേളനത്തിന് ശേഷമായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഗവര്‍ണര്‍ കവിളില്‍ തൊട്ടത്. ട്വീറ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ പതിനായിരക്കണക്കിന് പേരാണ് അത് റീട്വീറ്റ് ചെയ്തത്. ഡോട്ട് ടച്ച് മീ ഗവര്‍ണര്‍ എന്ന ഹാഷ്ടാഗും ട്രന്‍ഡിങ്ങായിക്കൊണ്ടിരിക്കുകയാണ്. 

'നിരവധി തവണ എന്റെ മുഖം കഴുകി. എന്നിട്ടും അതില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിച്ചിട്ടില്ല. ഒരുപാട് മനോവിഷമവും ദേഷ്യവും തോന്നുന്നുണ്ട് മിസ്റ്റര്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. നിങ്ങള്‍ക്ക് ഒരു പക്ഷെ ഇത് അഭിനന്ദനം സൂചിപ്പിക്കുന്ന പ്രവൃത്തിയോ മുത്തശ്ശന്റെ പെരുമാറ്റമോ ആയിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ചെയ്തത് തെറ്റാണ്.' ലക്ഷ്മി ട്വിറ്റ് ചെയ്തു.

പത്രസമ്മേളനം കഴിഞ്ഞ് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു സംഭവം. എല്ലാവരും എഴുന്നേറ്റിരുന്നു. അപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് എത്രത്തോളം തമിഴ് മെച്ചപ്പെടുത്തിയെന്ന് ചോദിച്ചു. അതിന് ശേഷം ഞാന്‍ ആരാണ് തമിഴ് അധ്യാപികയെന്ന് ചോദിച്ചു. അപ്പോഴാണ് ഗവര്‍ണര്‍ കവിളില്‍ തൊട്ടതെന്ന് ലക്ഷ്മി വ്യക്തമാക്കി. എന്നാല്‍ യൂണിവേഴ്‌സിറ്റി വിഷയത്തില്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഗവര്‍ണര്‍ തയാറായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

തമിഴ് രാഷ്ട്രീയത്തില്‍ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഡിഎംകെ നേതാക്കളായ എം.കെ. സ്റ്റാലിന്‍, കനിമൊഴി എന്നിവര്‍ ഗവര്‍ണര്‍ക്കെതിരേ രംഗത്തെത്തി. എന്നാല്‍ ചിലര്‍ ഗവര്‍ണറിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ അറിയാതെ ചെയ്തതാവുമെന്നാണ് അവര്‍ പറയുന്നത്. 

സര്‍വകലാശാല അധികൃതര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ അധ്യാപിക വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ബന്‍വാരിലാലിന്റെ പേരും അതില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ ബന്ധമില്ലെന്ന് ബന്‍വാരിലാല്‍ പത്രസമ്മേളനത്തിനിടെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com