ഇന്റര്‍നെറ്റ് ഇല്ലായിരുന്നെങ്കില്‍ 50 കിലോമീറ്റര്‍ അകലെയിരുന്ന് സഞ്ജയന്‍ യുദ്ധം കണ്ടതെങ്ങനെ?: ബിപ്ലബ് കുമാര്‍ ദേബ്

ഇന്റര്‍നെറ്റ് ഇല്ലായിരുന്നെങ്കില്‍ 50 കിലോമീറ്റര്‍ അകലെയിരുന്ന് സഞ്ജയന്‍ യുദ്ധം കണ്ടതെങ്ങനെ?: ബിപ്ലബ് കുമാര്‍ ദേബ്
ഇന്റര്‍നെറ്റ് ഇല്ലായിരുന്നെങ്കില്‍ 50 കിലോമീറ്റര്‍ അകലെയിരുന്ന് സഞ്ജയന്‍ യുദ്ധം കണ്ടതെങ്ങനെ?: ബിപ്ലബ് കുമാര്‍ ദേബ്

അഗര്‍ത്തല: ഇന്റര്‍നെറ്റോ സമാനമായ സാങ്കേതിക വിദ്യയോ ഇല്ലായിരുന്നെങ്കില്‍ എങ്ങനെയാണ് മഹാഭാരതത്തില്‍ സഞ്ജയന്‍ കൊട്ടാരത്തിലിരുന്നു കുരുക്ഷേത്ര യുദ്ധം കണ്ടതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മഹാഭാരതവും രാമായണവും ഉപനിഷത്തുകളുമാണ് ഭാരതീയ സംസ്‌കാരത്തിന്റെ അന്തസ്സത്ത. അതിനെ പരിഹസിക്കുന്നവര്‍ക്കാണ് പുരാതന ഭാരതത്തിലെ ശാസ്ത്ര, സാങ്കേതിക വിസ്മയങ്ങളെക്കുറിച്ച് ബോധ്യപ്പെടാത്തതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. 

കുരുക്ഷേത്ര യുദ്ധം നടക്കുന്നതിന് അന്‍പതു കിലോമീറ്റര്‍ അകലെ കൊട്ടാരത്തിലിരുന്നാണ് സഞ്ജയന്‍ യുദ്ധം കണ്ടത്. വിദൂര ആശയ വിനിയമത്തിനുള്ള സംവിധാനങ്ങള്‍ അന്നുണ്ടായിരുന്നുവെന്നാണ് അതു വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഇന്റര്‍നെറ്റ് വന്നപ്പോള്‍ തെളിയിക്കപ്പെടുന്നത് അത് മഹാഭാരതകാലത്ത് ഉണ്ടായിരുന്നുവെന്നാണ്. സംസ്‌കാരത്തെ പരിഹസിച്ചുകൊണ്ടിരിക്കുന്നവര്‍ക്് അതു ദഹിക്കില്ല. അത്തരം ആളുകളാണ് തന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നതെന്ന് ത്രിപുര മുഖ്യമന്ത്രി വിശദീകരിച്ചു.

രാജ്യത്തെയാകെ വിദ്യാഭ്യാസ സംവിധാനത്തെ നശിപ്പിച്ചത് ഇടതുപക്ഷമാണ്. കേരളത്തിലും ത്രിപുരയിലുമാണ് രാജ്യത്ത് കൂടുതല്‍ സാക്ഷരതയുള്ളത്. അവര്‍ വിദ്യാഭ്യാസത്തിന്റെ ഗുണത്തിലല്ല, അളവിലാണ് ശ്രദ്ധിച്ചത്. രാജീവ് ഗാന്ധി കംപ്യൂട്ടര്‍ കൊണ്ടുവന്നപ്പോള്‍ എല്ലാം നശിക്കുന്നുവെന്നു പറഞ്ഞ് പ്രചാരണം നടത്തിയവരാണ് ഇടതുപക്ഷക്കാര്‍. ഈ സംസ്‌കാരമാണ് ഞങ്ങള്‍ ഇല്ലാതാക്കുന്നത്. യുവാക്കളുടെ സാങ്കേതിക വൈഭവത്തില്‍ ത്രിപുര മുന്നിലെത്തും. അതിവേഗത്തിലുള്ള ഡിജിറ്റല്‍വത്കരണമാണ് ത്രിപുരയില്‍ നടക്കാന്‍ പോവുന്നത്.

ത്രിപുരയിലെ പാഠപുസ്തകങ്ങള്‍ സ്റ്റാലിന്റെ ചിത്രങ്ങളോടെയാണ് തുടങ്ങുന്നത്. ലെനിനെയും സ്റ്റാലിനെയും കുറിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ഇടതുപക്ഷം. ഇതെല്ലാം ഞങ്ങള്‍ മാറ്റും. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ കൊണ്ടുവരും. ഗുണപരമായ വിദ്യാഭ്യാസമാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ത്രിപുരയിലെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ മേശയില്‍ ദേശീയ പതാക ഇല്ലെന്നു കണ്ട് എനിക്ക് അതിശയം തോന്നി. ഡല്‍ഹിയിലെ ത്രിപുര ഭവനിലും ദേശീയ പതാക ഇല്ലെന്നത് ഞെട്ടിക്കുന്നതാണ്. രണ്ടിടത്തും ദേശീയ പതാക വയ്ക്കാന്‍ അടിയന്തര നിര്‍േദശം നല്‍കി. ഇനിയും യുവാക്കള്‍ ഇടതു പ്രത്യയശാസ്ത്രത്തിലേക്കു പോവില്ല്. അവര്‍ അതു തള്ളിക്കളഞ്ഞതായി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. 

തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ത്രിപുര ഭരണകൂടത്തിന് സഹായം ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ പദ്ധതികള്‍ക്കായി ഇപ്പോള്‍ തന്നെ നാലായിരം കോടി രൂപയുടെ അധിക സഹായം കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്. ദേശീയ പാതകള്‍ ആറുവരിയാക്കുന്നതിനുള്ള പദ്ധതി ഉള്‍പ്പെടെയാണിത്. സംസ്ഥാനത്ത് രണ്ടു പ്ലാസ്റ്റിക് പാര്‍ക്കുകള്‍ തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി അറിയിച്ചിട്ടുണ്ട്. നാലായിരം പേര്‍ക്ക്ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com