രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ തുറന്നു പറഞ്ഞ് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്‍ഡോറില്‍ നിന്നുള്ള മോഡലും ബ്ലോഗറുമായ യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ തിരക്കുള്ള നിരത്തില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്.
സ്കൂട്ടി ഓടിച്ചു പോവുന്നതിനിടയില്‍ രണ്ട് പുരുഷന്മാര് യുവതിയുടെ പാവാടയില്‍ പിടിച്ച് വലിക്കുകയായിരുന്നു. ഇതിന് അടിയില്‍ എന്താണെന്ന് നോക്കട്ടേ എന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ പാവാടയില്‍ പിടിച്ച് വലിച്ചത്. അവരുടെ അതിക്രമത്തെ തടയാന്‍ ശ്രമിച്ചതോടെ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി മറിഞ്ഞ് നിലത്തു വീണു. അവിടെ നിന്ന ആരും ഇതിന് എതിരെ പ്രതികരിച്ചില്ല. അതോടെ തന്നെ ആക്രമിച്ചവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. താന്‍ വീണ് കിടക്കുന്നത് കണ്ട് സഹായിക്കാന്‍ വന്ന പ്രായമായ അങ്കില് പറഞ്ഞത് ഞാന്‍ പാവാട ധരിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നാണ്. യുവതി ട്വിറ്ററില്‍ കുറിച്ചു.
താന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ തന്നെ ആക്രമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ പെണ്‍കുട്ടികള്‍ പ്രതികരിക്കാതിരിക്കുന്നതിനെ യുവതി വിമര്‍ശിച്ചു. പ്രതികരിക്കാതിരുന്നാല്‍ എന്ത് ചെയ്യാനുള്ള അധികാരവും അവര്‍ക്കുണ്ടെന്ന ചിന്ത പുരുഷന്മാരിലുണ്ടാകുമെന്നും അതോടെ ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാവുമെന്ന് അവര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ