ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോകണം: അമിത് ഷാ

ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത് ഇന്ദിരാഗാന്ധി ആണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.
ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിപ്പോകണം: അമിത് ഷാ

സമിലെ പുതിയ പൗരത്വ പട്ടിക വിവാദമായിരിക്കെ ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ നിന്ന് മടങ്ങി പോകണമെന്ന് നിലപാടെടുത്ത് ബിജെപി ദേശീയ അധ്യക്ഷനും എംപിയുമായ അമിത് ഷാ. കുടിയേറ്റക്കാരെ നുഴഞ്ഞു കയറ്റക്കാരെന്നാണ് അമിത് ഷാ കുറ്റപ്പെടുത്തിയത്. ഇവരെ പ്രതിപക്ഷം പിന്തുണക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. പൗരത്വ രജിസ്ട്രറിന്റെ ആത്മാവ് രാജീവ് ഗാന്ധി പ്രഖ്യാപിച്ച അസം ഉടമ്പടിയാണ്. ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചത് ഇന്ദിരാഗാന്ധി ആണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.

രാജീവ് ഗാന്ധി ആഗ്രഹിച്ചത് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി. പ്രസ്താവനക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെ രാജ്യസഭ ബഹളത്തിലമര്‍ന്നു. തുടര്‍ന്ന് സഭ പിരിഞ്ഞു. അസമില്‍ നാല്‍പ്പത് ലക്ഷത്തോളം പേര്‍ ഇന്ത്യന്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. പശ്ചിമ ബംഗാളിലും സമാനമായ പരിശോധന നടത്തി പട്ടിക തയ്യാറാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ന്യുനപക്ഷ വോട്ടു ബാങ്കുകളെ ആശ്രയിക്കുന്ന മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.

അതെ സമയം മമത ബാനര്‍ജി 2014ല്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്നും ഇതിനെതിരെ ശക്തമായി കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ടു നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റോഹിന്‍ഗ്യകളെ ഇന്ത്യയില്‍ നിന്ന് തിരിച്ചയക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇക്കാര്യം മ്യാന്‍മറുമായി സംസാരിക്കുമെന്നും രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com