നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍; ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ഉപേക്ഷിച്ച് അഞ്ച് കോടി ആളുകള്‍

രാജ്യത്ത് ഓണ്‍ലൈന്‍ വിപണി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണ്ടെത്തല്‍
നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍; ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ഉപേക്ഷിച്ച് അഞ്ച് കോടി ആളുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ വിപണി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണ്ടെത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ ഷോപ്പിങ് ഉപേക്ഷിച്ചത് അഞ്ച് കോടി ആളുകളാണെന്ന് ഗൂഗിളും ബയാന്‍ ആന്റ് കമ്പനിയും നടത്തിയ പഠനത്തില്‍ പറയുന്നു. ആദ്യത്തെ വാങ്ങലില്‍ തന്നെ 5.4 കോടി പേര്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നിര്‍ത്തി. 

നിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ ഇത്തരം സൈറ്റുകള്‍ വഴി വിറ്റഴിക്കുന്നതും ഇതേക്കുറിച്ച് പരാതിപ്പെടാന്‍ ഫലപ്രദമായ മാര്‍ഗമില്ലാത്തതും പലരെയും വിപണിയില്‍ നിന്ന് അകറ്റി. ഒപ്പം ഭാഷകളുടെ പ്രശ്‌നങ്ങളും ജനങ്ങളെ ഒണ്‍ലൈന്‍ ഷോപ്പിങില്‍ നിന്ന് അകറ്റി. പ്രധാനമായും ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ മാത്രമാണ് ഇത്തരം സൈറ്റുകളിലുള്ളത്. 

ഇന്റര്‍നെറ്റിന്റെ വ്യാപനം ദ്രുതഗതിയിലായിട്ട് പോലും ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയില്‍ സ്ഥിരമായി പിടിച്ചുനില്‍ക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് വിലയിരുത്തല്‍. ഫഌപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഷോപ്പിങ് സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കച്ചവടക്കാര്‍ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതും ഉപഭോക്താക്കളുടെ വിശ്വാസ്യത ഇല്ലാതാക്കി. 

2013ന് ശേഷം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വര്‍ധനവുണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ ബ്രസീല്‍ ഒന്നാമതും ചൈന രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 2013ന് ശേഷം വര്‍ഷത്തില്‍ 28 ശതമാനമാണ് പുതിയ ഉപയോക്താക്കള്‍ ഇന്ത്യയില്‍ കൂടുന്നത്. ബ്രസീലില്‍ 64ഉം ചൈനയില്‍ 53ഉം ശതമാനം ആളുകളാണ് പുതിയ ഉപയോക്താക്കള്‍. 

ഇന്ത്യയില്‍ നഗരപ്രദേശങ്ങളില്‍ 55 ശതമാനം ഉപയോക്താക്കളും ഗ്രാമ പ്രദേശങ്ങളില്‍ 15 ശതമാനം ഉപയോക്താക്കളുമാണുള്ളത്. 33 ശതമാനം പരുഷന്‍മാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ 22 ശതമാനമാണ് വനിതകളുടെ എണ്ണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com