സിദ്ധുവിന്റെ തലയെടുക്കുന്നവര്‍ക്ക് അഞ്ചുലക്ഷം ഇനാം ; ആഹ്വാനവുമായി ബജ്‌രംഗ് ദള്‍

നവജ്യോത് സിംഗ് സിദ്ധുവിന്റെ തലയെടുക്കാന്‍ ഇനാം പ്രഖ്യാപിച്ച് ഹിന്ദു സംഘടന
സിദ്ധുവിന്റെ തലയെടുക്കുന്നവര്‍ക്ക് അഞ്ചുലക്ഷം ഇനാം ; ആഹ്വാനവുമായി ബജ്‌രംഗ് ദള്‍

ന്യൂഡല്‍ഹി :  മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ധുവിന്റെ തലയെടുക്കാന്‍ ഇനാം പ്രഖ്യാപിച്ച് ഹിന്ദു സംഘടന. സിധുവിന്റെ തല കൊയ്യാന്‍ അഞ്ചു ലക്ഷം രൂപയാണ് ഹിന്ദു സംഘടനയായ ബജ്‌രംഗ് ദള്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ളത്. ബജ്‌രംഗ് ദള്‍ ആഗ്ര ജില്ലാ പ്രസിഡന്റ് സഞ്ജയ് ജാട്ട് ആണ് വീഡിയോയിലൂടെ ഈ ആഹ്വാനം നല്‍കിയത്. അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഉയര്‍ത്തിപ്പിടിച്ചാണ് ആഹ്വാനം. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുകയാണ്. 

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതും, ചടങ്ങിനിടെ, പാക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ആലിംഗനം ചെയ്തതുമാണ് സിദ്ധുവിനെതിരായ കോപത്തിന് കാരണം. സിദ്ധുവിന്റെ പ്രവൃത്തി രാജ്യദ്രോഹപരമാണ്. മാപ്പര്‍ഹിക്കാത്ത തെറ്റാണ്. സിഖ് ഗുരു ഗോവിന്ദ് സിംഗിന്റെ ഉപദേശങ്ങളും മറന്നു. സിദ്ധുവിനെതിരെ രാജ്യദോഹ കുറ്റം ചുമത്തി കേസെടുക്കണെന്നും സഞ്ജയ് ജാട്ട് ആവശ്യപ്പെട്ടു. ഇമ്രാന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ നേതാവാണ് സിദ്ധു. 

പാക് പട്ടാളമേധാവിയെ കെട്ടിപ്പിടിച്ച സിദ്ധുവിന്റെ പ്രവൃത്തിക്കെതിരെ ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ സൈനികരെയും സാധാരണക്കാരെയും വെടിവെച്ചിടുന്ന, പാക് പട്ടാളത്തിന്റെ മേധാവിയെ കെട്ടിപ്പിടിച്ചത്, സിദ്ധുവിന്റെ രാജ്യസ്‌നേഹം എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. പാക് അധീന കശ്മീർ നേതാവിന്റെ ഒപ്പം സിദ്ധു ഇരുന്നതും വിമര്‍ശന വിധേയമായിരുന്നു. സിദ്ധുവിന്റെ പ്രവൃത്തിയില്‍ കോണ്‍ഗ്രസിലും അതൃപ്തിയുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും സിദ്ധുവിന്റെ നടപടിയെ തള്ളിപ്പറഞ്ഞിരുന്നു. 

അതിര്‍ത്തിയില്‍ ദിനംപ്രതി നിരവധി ജനങ്ങളും പട്ടാളക്കാരുമാണ് പാക് പട്ടാളത്തിന്റെ വെടിയേറ്റ് മരിക്കുന്നത്. ഇക്കാര്യമെങ്കിലും അയാള്‍ ആലോചിക്കണമായിരുന്നു. പാക് പട്ടാളമേധാവിയെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നത് വേണ്ടിയിരുന്നോ എന്ന് സിദ്ധുവാണ് ചിന്തിക്കേണ്ടത്. പഞ്ചാബ് മുഖ്യമന്ത്രി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സിദ്ധു പങ്കെടുത്തത് വ്യക്തിപരമായ നിലയിലാണ്. ഇതില്‍ തെറ്റില്ലെന്നും അമരീന്ദര്‍ അഭിപ്രായപ്പെട്ടിരുന്നു.

പാക് ക്രിക്കറ്റ് മുന്‍ നായകന്‍ കൂടിയായ ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സിദ്ധു, ഗവാസ്‌കര്‍, കപില്‍ദേവ് തുടങ്ങി മുന്‍ ക്രിക്കറ്റ് താരങ്ങളായ സ്‌നേഹിതര്‍ക്ക് മാത്രമാണ് ക്ഷണം ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ക്ഷണം നിരസിച്ചപ്പോള്‍, സിദ്ധു മാത്രമാണ് ഇന്ത്യയില്‍ നിന്നും ഇമ്രാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com