അതിര്‍ത്തിയില്‍ പാക് പടയൊരുക്കം ? ; ബങ്കറുകളും ആയുധ സംഭരണശാലകളും നിര്‍മ്മിക്കുന്നതായി ബിഎസ്എഫ്

അതിര്‍ത്തിയോട് ചേര്‍ന്ന് ബങ്കറുകള്‍, ആയുധ സംഭരണ ശാലകള്‍, ഹെലിപാഡുകള്‍ തുടങ്ങിയവയാണ് പാകിസ്ഥാന്‍ നിര്‍മ്മിക്കുന്നത്
അതിര്‍ത്തിയില്‍ പാക് പടയൊരുക്കം ? ; ബങ്കറുകളും ആയുധ സംഭരണശാലകളും നിര്‍മ്മിക്കുന്നതായി ബിഎസ്എഫ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാകിസ്ഥാന്‍ സേനാ വിന്യാസവും ആയുധശേഖരവും വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തിയോട് ചേര്‍ന്ന് ബങ്കറുകള്‍, ആയുധ സംഭരണ ശാലകള്‍, ഹെലിപാഡുകള്‍ തുടങ്ങിയവയാണ് നിര്‍മ്മിക്കുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ( ബിഎസ്എഫ് ) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ജയ്‌സാല്‍മീറിന് സമീപം റഹിംയാര്‍ ഖാനില്‍ പാകിസ്ഥാന്‍ യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും സംഭരിക്കുന്ന രണ്ട് ശാലകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതിനായി ഹെലിപാഡും നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും വെറും 37 കിലോമീറ്റര്‍ അതിര്‍ത്തിയിലാണ് ഇവയെന്നും ബിഎസ്എഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബഹവല്‍പൂരിലാണ് പാകിസ്ഥാന്‍ മറ്റൊരു സംഭരണശാല നിര്‍മ്മിച്ചിട്ടുള്ളത്. 

കൂടാതെ അതിര്‍ത്തിയില്‍ ഉടനീളം പാകിസ്ഥാന്‍ ബങ്കറുകളും നിര്‍മ്മിച്ചുവരികയാണ്. ആയുധങ്ങള്‍ ഒളിപ്പിക്കാനും, ഇന്ത്യയെ ലക്ഷ്യമിട്ട് മിസൈലുകള്‍ വിന്യസിക്കാനും ഇത് ഉപയോഗിക്കാനാകും. ബങ്കര്‍, മിസൈല്‍ നിര്‍മ്മാണം തുടങ്ങി യുദ്ധക്കപ്പലുകളുടെ നവീകരണത്തിന് വരെ പാകിസ്ഥാന് ചൈനയുടെ സഹായം ലഭ്യമാകുന്നുണ്ട്. 

അതിനിടെ ഭീകരര്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐ ആന്റി-തെര്‍മല്‍ ജാക്കറ്റുകള്‍ നല്‍കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാനായി ഇന്ത്യന്‍ സൈന്യം സ്ഥാപിച്ച ഉപകരണങ്ങളുടെ കണ്ണുവെട്ടിക്കാനാണ് ഇത്തരം ജാക്കറ്റുകള്‍ നല്‍കിയിട്ടുള്ളത്. ഇത്തരം ജാക്കറ്റുകള്‍ ധരിച്ചാണ് സമീപകാലത്ത് ഭീകരര്‍ നുഴഞ്ഞു കയറുന്നതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് പട്ടാളം വെടിയുതിര്‍ക്കുമ്പോഴാണ്, ആ മറവില്‍ ഭീകരര്‍ നുഴഞ്ഞു കയറുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com