കേരളത്തിനായി പാട്ടുപാടി സുപ്രീം കോടതി ജഡ്ജിമാര്‍; മത്സ്യത്തൊഴിലാളികള്‍ക്ക് 'വികാര നൗകയുമായി' ഗാനം സമര്‍പ്പിച്ച് ജസ്റ്റിസ് കെ.എം ജോസഫ്

കണ്ണീരുപ്പു കലൊര്‍ന്നൊരു പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയ്ക്കായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.എം ജോസഫ് ഡല്‍ഹിയില്‍ വച്ച് 'വികാര നൗകയുമായി തിരമാലകളാകെയുലഞ്ഞു..' ഗാനം ആലപിച്ചു
കേരളത്തിനായി പാട്ടുപാടി സുപ്രീം കോടതി ജഡ്ജിമാര്‍; മത്സ്യത്തൊഴിലാളികള്‍ക്ക് 'വികാര നൗകയുമായി' ഗാനം സമര്‍പ്പിച്ച് ജസ്റ്റിസ് കെ.എം ജോസഫ്

ന്യൂഡല്‍ഹി: കണ്ണീരുപ്പു കലൊര്‍ന്നൊരു പ്രളയത്തെ അതിജീവിക്കുന്ന കേരള ജനതയ്ക്കായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.എം ജോസഫ് ഡല്‍ഹിയില്‍ വച്ച് 'വികാര നൗകയുമായി തിരമാലകളാകെയുലഞ്ഞു..' ഗാനം ആലപിച്ചു. ദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ ഡല്‍ഹിയിലെ നിയമകാര്യ ലേഖകര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് കെ എം ജോസഫ് ഭാവ തീവ്രതയോടെ പാടിയത്. പാടി തീര്‍ന്നപ്പോള്‍ നിറഞ്ഞ കൈയടിയോടെ ഇന്റര്‍നാഷണല്‍ ലോ ഓഡിറ്റോറിയത്തിലെ സദസ്സ് പാട്ടിനെ സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ജസ്റ്റിസ് കെ.എം ജോസഫ് അമരം എന്ന ചിത്രത്തിലെ ഭാവ ഗാനം ആലപിച്ചത്.  

'മധുബന്‍ ഖുഷ്ബു ദേത്താഹേ' എന്ന ഹിന്ദി ഗാനം കൂടി ആലപിച്ച ജസ്റ്റിസ് കെ.എം ജോസഫിനെ മുഖ്യാതിഥിയായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എഴുന്നേറ്റ് ചെന്ന് അനുമോദിച്ചു. ഇതൊരു ആഘോഷമല്ല, കേരളത്തിന് പിന്തുണ നല്‍കാനുള്ള ഒത്തുചേരലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ജസ്റ്റിസ് കുര്യന്‍ ജോസഫ് ബോളിവുഡ് ഗായകന്‍ മൊഹിത് ചൗഹാനോടൊപ്പം 'വി ഷാല്‍ ഓവര്‍കം' ഗാനം ആലപിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ നിയമകാര്യ ലേഖിക ഭദ്ര സിന്‍ഹ, ഗൗരി പ്രിയ എന്നിവര്‍ ഭരതനാട്യവും കീര്‍ത്തന ഹരീഷ് നൃത്തവും അവതരിപ്പിച്ചു. 

പരിപാടിയിലൂടെ ലഭിച്ച 10 ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ നേരത്തെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com