പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദേശിക്കണം ; ദീപക് മിശ്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് സാധ്യത

പിന്‍ഗാമി ആരെന്ന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നിയമമന്ത്രാലയം ഔദ്യോഗികമായി കത്ത് നല്‍കിയത്
പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദേശിക്കണം ; ദീപക് മിശ്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് സാധ്യത

ന്യൂഡല്‍ഹി : സുപ്രീം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസിനെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രാലയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്ത് നല്‍കി. പിന്‍ഗാമി ആരെന്ന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നിയമമന്ത്രാലയം ഔദ്യോഗികമായി കത്ത് നല്‍കിയത്. കത്തിന് സെപ്റ്റംബര്‍ രണ്ടിനകം ചീഫ് ജസ്റ്റിസ് മറുപടി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 

ദീപക് മിശ്ര വിരമിക്കുമ്പോൾ, സുപ്രീംകോടതിയിലെ നിലവിലെ രണ്ടാമത്തെ സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുതിയ ചീഫ് ജസ്റ്റിസ് ആകുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും സീനീയര്‍ ജഡ്ജി ചീഫ് ജസ്റ്റിസാകുന്ന കീഴ്‌വഴക്കം ദീപക് മിശ്ര തെറ്റിച്ചേക്കില്ലെന്നാണ് സൂചന. ഗൊഗോയിയെ ഒഴിവാക്കിയാല്‍ അത് വിവാദങ്ങള്‍ക്ക് വഴി വെച്ചേക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനും ഭയമുണ്ട്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അനാവശ്യ വിവാദത്തിന് കേന്ദ്രത്തിനും താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാടുകള്‍ക്കെതിരെ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും ഉള്‍പ്പെടുന്നു. ഇതോടെയാണ് ജസ്റ്റിസ് ദീപക് മിശ്ര, പിന്‍ഗാമിയായി ജസ്റ്റിസ് ഗൊഗോയിയെ ശുപാര്‍ശ ചെയ്യുമോ എന്ന സന്ദേഹം ഉയര്‍ന്നത്. 

ഒക്ടോബര്‍ ഒന്നിന് ദീപക് മിശ്രയുടെ കാലാവധി അവസാനിക്കുകയാണ്. ഒക്ടോബര്‍ രണ്ടിന് പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ മറുപടി കത്തിനായി കാത്തിരിക്കുകയാണെന്ന് കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com