സ്വകാര്യ കോച്ചിങ് സെന്ററുകള്‍ ഇനി പിഴിയേണ്ട; എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ കോച്ചിങ് ക്ലാസുകളും മോക്ക് ടെസ്റ്റുകളുമായി കേന്ദ്രസര്‍ക്കാര്‍ 

പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികളെ ഉയര്‍ത്തി കൊണ്ടുവരാന്‍ സൗജന്യമായി കോച്ചിങ് ക്ലാസുകള്‍ നല്‍കുന്നതിനുളള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്
സ്വകാര്യ കോച്ചിങ് സെന്ററുകള്‍ ഇനി പിഴിയേണ്ട; എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യ കോച്ചിങ് ക്ലാസുകളും മോക്ക് ടെസ്റ്റുകളുമായി കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി:  മെഡിക്കല്‍, എന്‍ജിനീയറിങ് പഠനത്തൊടൊപ്പം ചെലവേറിയതാണ് മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയ്ക്കുളള തയ്യാറെടുപ്പുകളും. കോച്ചിങ് ക്ലാസില്‍ ലക്ഷങ്ങള്‍ കൊടുത്ത് കുട്ടികളെ മാതാപിതാക്കള്‍ പഠിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. ഇത് അവസരമായി കണ്ട് കൂണുപ്പോലെയാണ് എല്ലായിടത്തും കോച്ചിങ് സെന്ററുകള്‍  ഉയര്‍ന്നുപൊങ്ങുന്നത്. പലപ്പോഴും ഇവിടങ്ങളിലെ ഉയര്‍ന്ന ഫീസ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം സെന്ററുകള്‍ അപ്രാപ്യമാക്കുന്നുണ്ട്. ഇതിന്്  പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികളെ ഉയര്‍ത്തി കൊണ്ടുവരാന്‍ സൗജന്യമായി കോച്ചിങ് ക്ലാസുകള്‍ നല്‍കുന്നതിനുളള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ഐഐടി പ്രവേശനത്തിനുളള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ, മെഡിക്കല്‍ പ്രവേശനത്തിനുളള അഖിലേന്ത്യാ ടെസ്റ്റായ നീറ്റ്, യുജിസി നെറ്റ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ പ്രവേശനപരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളെ ഉദേശിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. കോച്ചിങ് ക്ലാസുകള്‍ക്ക് പുറമേ മോക്ക് ടെസ്റ്റുകളും നടത്തി വിദ്യാര്‍ത്ഥികളെ പ്രവേശനപരീക്ഷ എഴുതാന്‍ പ്രാപ്തരാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി രാജ്യത്തുളള 3000ത്തോളം ടെസ്റ്റ് പ്രാക്ടീസ് സെന്ററുകളെ പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇവയെ ടീച്ചിങ് സെന്ററുകള്‍ ആക്കി മാറ്റാനാണ് പദ്ധതി. ഇവിടങ്ങളില്‍ കോച്ചിങ് ക്ലാസുകളും മോക്ക് ടെസ്റ്റുകളും സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ പരിപാടിയിടുന്നത്.

ഈ വര്‍ഷം തന്നെ മോക്ക് ടെസ്റ്റുകള്‍ നടത്താനുളള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് ഇതിന് തുടക്കമിടാനാണ് ആലോചിക്കു്ന്നത്. അടുത്ത വര്‍ഷം മേയോടെ കോച്ചിങ് സൗകര്യം ഏര്‍പ്പെടുത്താനാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇതിനായുളള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. കോച്ചിങ് ക്ലാസുകളില്‍ ഒരുതരത്തിലുളള ഫീസും ഈടാക്കില്ലെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി.

സ്വകാര്യ കോച്ചിങ് സെന്ററുകള്‍ക്ക് തീരുമാനം കനത്ത തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തികമായി പിന്നാക്ക നില്‍ക്കുന്ന മേഖലയില്‍ നിന്ന് വരുന്ന കുട്ടികളെ തഴയുന്ന നിലപാടാണ് പലപ്പോഴും സ്വകാര്യ കോച്ചിങ് സെന്ററുകള്‍ സ്വീകരിക്കുന്നത്. സാമ്പത്തികം തന്നെയാണ് ഇവിടെ മാനദണ്ഡമായി മാറുന്നത്. സമ്മര്‍ദശക്തിയായി നിലക്കൊളളുന്ന ഈ സ്ഥാപനങ്ങളുടെ സ്വാധീനശക്തി തകര്‍ക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിന് ഇതിന് പിന്നിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com