ബുലന്ദ്ഷഹര്‍ കലാപം : ഗോഹത്യ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ ; ആയുധങ്ങളും കണ്ടെടുത്തു

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനും പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിനും ഇടയാക്കിയ ഗോഹത്യ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
ബുലന്ദ്ഷഹര്‍ കലാപം : ഗോഹത്യ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ ; ആയുധങ്ങളും കണ്ടെടുത്തു


ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനും പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകത്തിനും ഇടയാക്കിയ ഗോഹത്യ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നദീം, കാല , റയീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും ജിപ്‌സി, രണ്ട് ഡബിള്‍ ബാരല്‍ തോക്കുകള്‍, ഇറച്ചി വെട്ടുന്ന കത്തികള്‍, ഇറച്ചിവെട്ടുകാര്‍ ഉപയോഗിക്കുന്ന മരത്തടി തുടങ്ങിയവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 

സ്യാന മേഖലയിലെ മഹാവ് ഗ്രാമത്തില്‍ നിന്നും പശുക്കളെ കടത്തിക്കൊണ്ടുവന്ന് വയലില്‍വെച്ച് വെടിവെച്ച് കൊന്നശേഷം മാംസം പങ്കിട്ടെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാലികളെ കടത്തിക്കൊണ്ടുവന്ന് മാംസം എടുക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. ഡിസംബര്‍ ഒന്നിന് സമീപത്തെ കാട്ടില്‍ നിന്നും ഒരു പശുവിനെയും, ഡിസംബര്‍ 2,3 തീയതികളില്‍ മഹാവ് ഗ്രാമത്തില്‍ നിന്നുമാണ് പ്രതികള്‍ പശുക്കളെ കടത്തിക്കൊണ്ടുവന്നത്. 

ഹാറൂണ്‍, നദീം എന്നിവരാണ് പശുക്കളെ വെടിവെച്ചുകൊന്നതെന്നും ബുലന്ദ്ഷഹര്‍ പൊലീസ് വ്യക്തമാക്കി. പശുകൊലയുടെ പേരില്‍ അക്രമത്തിന് പേരിപ്പിച്ച രണ്ടുപേരും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സചിന്‍ സിന്‍ഹ, ജോണി ചൗധരി എന്നിവരാണ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ പിടിയിലായത്. ഇതോടെ കലാപ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. 

എന്നാല്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിന്റെ കൊലപാതകകേസില്‍ പ്രധാനപ്രതിയെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബംജ്‌രംഗ് ദള്‍ പ്രാദേശിക നേതാവായ യോഗേഷ് രാജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ല. സുബോധിനെ വെടിവെച്ചതെന്ന് കരുതപ്പെടുന്ന സൈനികന്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായിട്ടുണ്ട്. ബുലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗ് ഉള്‍പ്പെടെ രണ്ടുപേരാണ് മരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com