സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധം ; ഫത്‌വ

ദാറൂല്‍ ഉലൂം സെമിനാരിയാണ് പുതിയ വിലക്ക് പുറപ്പെടുവിച്ചത്
സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിക നിയമത്തിന് വിരുദ്ധം ; ഫത്‌വ

മുസഫര്‍നഗര്‍ : ആഘോഷചടങ്ങുകളിലും മറ്റും സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇസ്ലാമിക നിയമപ്രകാരം തെറ്റാണെന്ന് ഫത്‌വ. ദാറൂല്‍ ഉലൂമാണ് ഇതുസംബന്ധിച്ച പുതിയ വിലക്ക് പുറപ്പെടുവിച്ചത്. ഭക്ഷണം നിന്നുകൊണ്ട് കഴിക്കുന്നതും നിയമവിരുദ്ധമാണെന്ന് ഫത്‌വ ( വിലക്ക് ) ചൂണ്ടിക്കാട്ടുന്നു. 

ഒരു വിശ്വാസി സംശയം ചോദിച്ചുകൊണ്ട് നല്‍കിയ കത്തിനുള്ള മറുപടിയിലാണ് ദാറൂല്‍ ഉലൂം സെമിനാരി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവാഹചടങ്ങുകളിലും മറ്റ് ആഘോഷപരിപാടികളിലുമെല്ലാം സ്ത്രീയും പുരുഷനും വേര്‍തിരിവില്ലാതെ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് സര്‍വസാധാരണമാണല്ലോ. 

എന്നാല്‍ ഇസ്ലാമിക നിയമം ശരീഅത്ത് അനുസരിച്ച് ഇത് കടുത്ത തെറ്റും പാപവും ആണെന്ന് ദാറൂല്‍ ഉലൂമിന്റെ ഫത്‌വയില്‍ ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ കല്യാണ ചടങ്ങുകളിലും മറ്റും 'ബുഫേ'യും പതിവ് ശീലമായിക്കഴിഞ്ഞു. എന്നാല്‍ ഇത്തരം രീതിയില്‍ ഭക്ഷണം നിന്നുകൊണ്ട് കഴിക്കുന്നത് ശരീഅത്ത് നിയമപ്രകാരം നാജായേസ്( നിയമവിരുദ്ധം) ആണെന്നും സെമിനാരി വ്യക്തമാക്കുന്നു.

ഇത്തരം രീതികള്‍ പിന്തുടരുന്നത് മുസ്ലിം സമൂഹത്തെ നശിപ്പിക്കും. അതിനാല്‍ ഈ ശീലങ്ങള്‍ മുസ്ലിങ്ങള്‍ വര്‍ജ്ജിക്കണം. അന്യപുരുഷന്മാര്‍ ഇരിക്കുന്ന വേദിയില്‍ ഇരുന്ന് മുസ്ലിം സ്ത്രീകള്‍ ഭക്ഷണം കഴിക്കുന്ന പതിവും ഉപേക്ഷിക്കണമെന്ന് ദാറൂല്‍ ഉലൂം ആവശ്യപ്പെട്ടു. നേരത്തെ വളക്കടകളില്‍ അന്യപുരുഷന്മാരില്‍ നിന്നും വളകള്‍ ഇട്ടുനോക്കിക്കുന്ന പതിവ് വര്‍ജ്ജിക്കണമെന്ന് ദാറൂല്‍ ഉലൂം ദിയോബാന്‍ഡ് ഫത്‌വ പുറപ്പെടുവിച്ചത് വിവാദമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com