ചാരക്കണ്ണുകൾ യുപിഎ സർക്കാരിന്റെ കാലത്തും; നിരീക്ഷിച്ചത് 9000 വരെ ഫോണുകളും 500 ഇ മെയിലുകളും

യുപിഎ സർക്കാരിന്റെ കാലത്തും രാജ്യത്ത് ഫോണുകളും ഇ മെയിലുകളും നരീക്ഷിച്ചിരുന്നതായി വിവരാവകാശ രേഖകൾ
ചാരക്കണ്ണുകൾ യുപിഎ സർക്കാരിന്റെ കാലത്തും; നിരീക്ഷിച്ചത് 9000 വരെ ഫോണുകളും 500 ഇ മെയിലുകളും

ന്യൂഡല്‍ഹി: യുപിഎ സർക്കാരിന്റെ കാലത്തും രാജ്യത്ത് ഫോണുകളും ഇ മെയിലുകളും നരീക്ഷിച്ചിരുന്നതായി വിവരാവകാശ രേഖകൾ. രാജ്യത്തെ എതു കംപ്യൂട്ടറും ആവശ്യമെങ്കിൽ നീരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കേന്ദ്ര ഏജൻസികൾക്കു കഴിഞ്ഞ ദിവസം സർക്കാർ അനുമതി നൽകിയിരുന്നു. കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു. അതിനിടെയാണ് നേരത്തെയും നിരീക്ഷണം നടത്തിയിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. 

വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് പുതിയ ഉത്തരവു പുറത്തിറക്കിയത്. എൻഐഎ, സിബിഐ, ഐബി തുടങ്ങി 10 ഏജൻസികൾക്കാണ് ഡേറ്റ നിരീക്ഷിക്കാൻ അനുമതി നൽകിയത്. ഐടി ആക്ട് 2000ന്റെ കീഴിൽ 69 (1) വകുപ്പ് പ്രകാരമാണ് ആഭ്യന്തരമന്ത്രാലയം ഏജൻസികൾക്കു വിപുലമായ അധികാരം നൽകിയത്.

യുപിഎ സർക്കാരിന്റെ കാലത്ത് പ്രതിമാസം 7500 മുതൽ 9000 വരെ ഫോണുകളും 300 മുതൽ 500 വരെ ഇ മെയിൽ അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നതായുള്ള വിവരാവകാശ രേഖകളാണ് ഇപ്പോൾ പുറത്തുവന്നത്. പ്രസേൻജിത് മൊണ്ടെൽ എന്നയാളുടെ അപേക്ഷയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. 2013 ഓഗസ്റ്റ് ആറിന് നൽകിയ മറുപടിയിലാണ് ഇത്രയധികം ഫോണുകളും ഇ മെയിലുകളും നിരീക്ഷിക്കാന്‍ യുപിഎ സർക്കാർ ഉത്തരവിട്ടിരുന്നതായി വ്യക്തമാകുന്നത്.

കേന്ദ്ര, സംസ്ഥാന ഏജൻസികൾക്ക് ഫോണുകളും മെയിലുകളും നിയമപരമായി നിരീക്ഷിക്കാൻ ഇക്കാലത്ത് അനുമതിയുണ്ടായിരുന്നു. ഇന്റലിജൻസ് ബ്യൂറോ, നാർകോട്ടിക്സ് കൺട്രോള്‍ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സിബിഐ, എൻഐഎ, കാബിനറ്റ് സെക്രട്ടേറിയറ്റ് (റോ), ഡൽഹി പൊലീസ് കമ്മീഷണർ എന്നിവയ്ക്കായിരുന്നു അനുമതി.

കംപ്യൂട്ടറുകളിൽ നിന്നുള്ള വിവരങ്ങൾ പിടിച്ചെടുക്കുന്നതിനാണ് ഇപ്പോഴത്തെ ഉത്തരവ്. നേരത്തേ ആഭ്യന്തര സെക്രട്ടറിയുടെ അനുവാദം വാങ്ങി സർക്കാർ ഏജൻസികൾക്കു വ്യക്തികളുടെ ടെലിഫോൺ കോൾ നിരീക്ഷിക്കാൻ അധികാരം കൊടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com