വായ്പാ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളുമായി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ

വായ്പാ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളുമായി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ

വായ്പാ തട്ടിപ്പുകള്‍ തടയാന്‍ ആറംഗ വിദഗ്ദ്ധ സമിതിയെ നിയമിച്ച ആര്‍.ബി.ഐ, വായ്പകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ നിലവിലെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ വ്യാപകമായ വായ്പാ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളുമായി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. വായ്പാ തട്ടിപ്പുകള്‍ തടയാന്‍ ആറംഗ വിദഗ്ദ്ധ സമിതിയെ നിയമിച്ച ആര്‍.ബി.ഐ, വായ്പകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ നിലവിലെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് ആറംഗ വിദഗ്ദ്ധ സമിതിയുടെ ചുമതല. മുന്‍ ആര്‍.ബി.ഐ ഡയറക്ടറായിരുന്ന വൈ.എച്.മലാഗെയാണ് ഈ സമിതിയുടെ അദ്ധ്യക്ഷന്‍.

വായ്പാ തട്ടിപ്പുകളെക്കുറിച്ച് ബാങ്കുകള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. 2016ന് ശേഷം മാത്രം മൂന്ന് തവണയാണ് ബാങ്കുകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ ബാങ്കുകളില്‍ നടത്തിയ 8670 വായ്പാ തട്ടിപ്പുകളില്‍ ആകെ നഷ്ടമായത് 61,260 കോടി രൂപയാണ്. ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം ബാങ്കുകള്‍ക്ക് നഷ്ടമായത് 17,630 കോടി രൂപയാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍ നാഥ് ഷെട്ടി, മുന്‍ സിംഗിള്‍ വിന്‍ഡോ ഓപ്പറേറ്റര്‍ മനോജ് ഖരാട്ട്, നീരവ് മോദി ഗ്രൂപ്പിന്റെ പ്രതിനിധി ഹേമന്ത് ഭട്ട് എന്നിവരെ മാര്‍ച്ച് മൂന്ന് വരെ സി.ബി.ഐ കോടതി കസ്റ്റഡിയില്‍ വിട്ടു. നീരവ് മോദിയുടെയും ഗീതാഞ്ജലി ജെംസ് മാനേജിംഗ് ഡയറക്ടര്‍ മെഹുല്‍ ചോക്‌സിയുടെയും രത്‌ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വേണ്ടി ബാങ്കിന്റെ കോര്‍ബാങ്കിംഗ് സിസ്റ്റത്തില്‍ രേഖപ്പെടുത്താതെ കോടിക്കണക്കിന് രൂപയുടെ സമ്മതപത്രങ്ങള്‍ നല്‍കിയത് ഗോകുല്‍ നാഥ് ഷെട്ടിയും മനോജ് ഖരാട്ടുമാണെന്ന് വ്യക്തമായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com