'ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരും' ; അഭിഭാഷകന്‍ ഹരീഷ് സാല്‍വെയ്ക്ക് കര്‍ണിസേനയുടെ ഭീഷണി

പത്മാവദ് ജനുവരി 25 ന് തീയേറ്ററുകളിലെത്തിയാല്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് ഭീഷണി.
'ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരും' ; അഭിഭാഷകന്‍ ഹരീഷ് സാല്‍വെയ്ക്ക് കര്‍ണിസേനയുടെ ഭീഷണി

ന്യൂഡല്‍ഹി : സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയ്ക്ക് കര്‍ണിസേനയുടെ ഭീഷണി. 'പത്മാവദ്' എന്ന സിനിമ ജനുവരി 25 ന് തീയേറ്ററുകളിലെത്തിയാല്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നാണ് ഭീഷണി. ഇക്കാര്യം വ്യക്തമാക്കി നിരവധി സന്ദേശങ്ങള്‍ സാല്‍വെയ്ക്ക് ലഭിച്ചതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധൈര്യമുണ്ടെങ്കില്‍ ഈ ഭീഷണിയെക്കുറിച്ച് പരാതിപ്പെടാനും സംഘപരിവാര്‍ സംഘടനകള്‍ വെല്ലുവിളിച്ചു. 

പത്മാവദ് സിനിമയ്ക്ക് ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിനെതിരെ സിനിമയുടെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹാജരായത് ഹരീഷ് സാല്‍വെയാണ്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്, സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

സംസ്ഥാനങ്ങളുടെ വിലക്ക് കോടതി നീക്കി. സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ സിനിമ വിലക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഏകപക്ഷീയമായി തീരുമാനം എടുത്തത് ഭരണഘടനാലംഘനമാണെന്ന ഹരീഷ് സാല്‍വെയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സുപ്രീംകോടതി ഉത്തരവോട് സിനിമ ജനുവരി 25 ന് രാജ്യമൊട്ടാകെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. 

അതേസമയം സിനിമ റിലീസ് ചെയ്താല്‍ ആത്മാഹുതി ചെയ്യുമെന്ന് രജ്പുത് സമൂഹത്തിലെ സ്ത്രീകള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. സുപ്രീംകോടതിയോട് ആദരവുണ്ട്. പക്ഷെ ഈ വിഷയത്തില്‍ കോടതി ഒരു വശം മാത്രം കേട്ടാണ് തീരുമാനമെടുത്തത്. തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഈ സിനിമ നിരോധിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഇവര്‍ വ്യക്തമാക്കി. സിനിമയില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന്  ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com