പോണ്‍ മാഗസീന്‍ മുതല്‍ സിഗററ്റ് വരെ; സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിലെ വസ്തുക്കള്‍ കണ്ട് ഞെട്ടി അധ്യാപകര്‍

പാഠപുസ്തകം പൊതിയുന്ന ബ്രൗണ്‍ പേപ്പര്‍കൊണ്ട് പൊതിഞ്ഞ് നെയിം ലേബലും ഒട്ടിച്ചാണ് പോണ്‍മാഗസീന്‍ സ്‌കൂളിലേക്ക് കടത്തിക്കൊണ്ടുവന്നത്
പോണ്‍ മാഗസീന്‍ മുതല്‍ സിഗററ്റ് വരെ; സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിലെ വസ്തുക്കള്‍ കണ്ട് ഞെട്ടി അധ്യാപകര്‍

ലഖ്‌നൗ: ക്ഷൗരക്കത്തി, ട്രിമ്മര്‍, ഷേവിംഗ് ഫോം, സിഗററ്റ്, ലൈറ്റര്‍, ബ്ലെയ്ഡ്, പോണ്‍ മാഗസീന്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍... ലഖ്‌നൗവിലെ പ്രമുഖ വിദ്യാലയത്തിലെ അധ്യാപകര്‍ സ്‌കൂള്‍ കുട്ടികളുടെ ബാഗില്‍ നിന്ന് കണ്ടെത്തിയ സാധനങ്ങളാണിവ. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി വെട്ടിപരിക്കേല്‍പ്പിച്ച വാര്‍ത്തവന്നത് കഴിഞ്ഞ ദിവസമാണ്. ഈ സംഭവത്തോടെ കുട്ടികള്‍ സ്‌കൂളില്‍ അപകടകരമായ വസ്തുക്കളൊന്നും കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്താനായി വലിയ രീതിയിലുള്ള പരിശോധനയാണ് അധ്യാപകര്‍ നടത്തുന്നത്. 

എന്നാല്‍ കുട്ടികളുടെ ബാഗുകളില്‍ കണ്ട വസ്തുക്കള്‍ അധ്യാപകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അശ്ലീല പുസ്തകം പിടികൂടിയത്. പാഠപുസ്തകം പൊതിയുന്ന ബ്രൗണ്‍ പേപ്പര്‍കൊണ്ട് പൊതിഞ്ഞ് നെയിം ലേബലും ഒട്ടിച്ചാണ് പോണ്‍മാഗസീന്‍ സ്‌കൂളിലേക്ക് കടത്തിക്കൊണ്ടുവന്നത്. 

ഇത് കൂടാതെ ചില ആണ്‍കുട്ടികള്‍ ക്ഷൗരകത്തിയും ട്രിമ്മറും ഫേവിംഗ് ഫോമുമെല്ലാം ബാഗിലാക്കി കൊണ്ടുവന്നു. മാതാപിതാക്കള്‍ വീട്ടില്‍ വെച്ച് ഷേവ് ചെയ്യാന്‍ സമ്മതിക്കാത്തതിനാലാണ് സ്‌കൂളിലേക്ക് ഇവ കൊണ്ടുവന്നതെന്നാണ് കുട്ടികള്‍ പറയുന്നത്. വീട്ടിലേക്ക് പോകുന്നതിന് മുന്‍പാണ് ഷേവ് ചെയ്തിരുന്നതെന്ന് കുട്ടികള്‍ സമ്മതിച്ചതായി അധ്യാപകര്‍ വ്യക്തമാക്കി. 

കുട്ടികളെ പുറത്തിറക്കി നിര്‍ത്തിയാണ് പരിശോധന നടത്തിയത്. കുട്ടികളുടെ ബാഗില്‍ നിന്ന് കത്രിക, ബ്ലേഡ്, നെയില്‍ പോളിഷ്, ലിപ്‌സ്റ്റിക്, പെര്‍ഫ്യൂം തുടങ്ങിയ നിരവധി വസ്തുക്കളും കണ്ടെത്തി. ഇത് കൂടാതെ ഐ പോഡുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായും അധ്യാപകര്‍ വ്യക്തമാക്കി. കുട്ടികളുടെ ബാഗിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് എപ്പോഴും ഇത് കണ്ടെത്താന്‍ സാധിക്കില്ലെന്നും അതിനാല്‍ കുട്ടികളുടെ ബാഗ് ഇടയ്ക്ക് പരിശോധിക്കണമെന്ന് മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും അധ്യാപകര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com