പ്രസവസമയത്ത് കുഞ്ഞുങ്ങള്‍ മാറിപ്പോയ സംഭവം; ഏതമ്മയെ വേണമെന്ന് കുഞ്ഞുങ്ങള്‍ തീരുമാനിക്കുമെന്ന് കോടതി

അസം കോടതിയാണ് അത്യപൂര്‍വ്വമായ കേസില്‍ വ്യത്യസ്തമായ നിര്‍ദേശം മുന്നോട്ടു വെച്ചത്.
പ്രസവസമയത്ത് കുഞ്ഞുങ്ങള്‍ മാറിപ്പോയ സംഭവം; ഏതമ്മയെ വേണമെന്ന് കുഞ്ഞുങ്ങള്‍ തീരുമാനിക്കുമെന്ന് കോടതി

ദിസ്പൂര്‍: അസമില്‍ പ്രസവസമയത്ത് കുഞ്ഞുങ്ങള്‍ മാറിപ്പോയ സംഭവത്തില്‍ കുഞ്ഞുങ്ങള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കാമെന്ന് കോടതി. അസം കോടതിയാണ് അത്യപൂര്‍വ്വമായ കേസില്‍ വ്യത്യസ്തമായ നിര്‍ദേശം മുന്നോട്ടു വെച്ചത്.

2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ വച്ച് ബോഡോ കുടുംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച ശിശുക്കള്‍ മാറിപോവുകയയായിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തിന് ശേഷമാണ് ഇരുകുടുംബങ്ങളും കുഞ്ഞുങ്ങള്‍ മാറിപ്പോയ കാര്യം മനസിലാക്കുന്നത്. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റിനും മറ്റ് അന്വേഷണങ്ങള്‍ക്കുമൊടുവില്‍ അടുത്തിടെയാണ് കുട്ടികളെ പരസ്പരം കൈമാറാന്‍ ഇരു കുടുംബങ്ങളും തീരുമാനിക്കുന്നത്. 

എന്നാല്‍ അന്നേ ദിവസം ഉണ്ടായ വൈകാരികമായ സംഭവങ്ങള്‍ കുട്ടികളെ കൈമാറ്റം ചെയ്യേണ്ടെന്ന തീരുമാനത്തില്‍ ഇരുകുടുംബങ്ങളെയും എത്തിക്കുകയായിരുന്നു. ഇത്രനാളും സ്‌നേഹിച്ച കുഞ്ഞിനെ ഒപ്പം നിര്‍ത്തി സ്വന്തം കുഞ്ഞിനെ വിട്ടു കൊടുക്കാനായിരുന്നു അവരുടെ തീരുമാനം. അങ്ങനെ സ്‌നേഹബന്ധമാണ് വലുതെന്നും രക്തബന്ധത്തിന് പിന്നാലെ പോകേണ്ടെന്നുമുള്ള തീരുമാനത്തില്‍ ഇരുകുടുംബങ്ങളും എത്തിച്ചേരുകയായിരുന്നു. 

തുടര്‍ന്ന്, 'കുട്ടികളെ, സ്‌നേഹിച്ചു വളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ കഴിയാന്‍ കോടതി അനുവദിയ്ക്കണം' എന്നാവശ്യപ്പെട്ട് ഇരുകുടുംബങ്ങളും സംയുക്ത ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഇവരുടെ ഈ ആവശ്യം കേട്ട കോടതി യഥാര്‍ഥ അമ്മമാര്‍ക്കൊപ്പം അല്‍പ സമയം ചിലവഴിക്കാന്‍ കുഞ്ഞുങ്ങളെ അനുവദിച്ച ശേഷം 18 വയസ്സാകുമ്പോള്‍, ആര്‍ക്കൊപ്പം പോകണമെന്ന് കുട്ടികള്‍ തീരുമാനിക്കട്ടെ എന്ന തീര്‍പ്പിലെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com