കസ്ഗഞ്ച് കലാപത്തിന് പിന്നില്‍ പാക് അനുകൂലികള്‍ : വിവാദ പ്രസ്താവനയുമായി ബിജെപി എംപി 

കസ്ഗഞ്ചില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഇന്ത്യയെ തകര്‍ക്കാനായി പാക് അനുകൂലികളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും കത്യാര്‍
കസ്ഗഞ്ച് കലാപത്തിന് പിന്നില്‍ പാക് അനുകൂലികള്‍ : വിവാദ പ്രസ്താവനയുമായി ബിജെപി എംപി 

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ ഉണ്ടായ സാമുദായിക സംഘര്‍ഷത്തിന് പിന്നില്‍ പാകിസ്ഥാന്‍ അനുകൂലികളെന്ന് ആരോപണം. ബിജെപി നേതാവും എംപിയുമായ വിനയ് കത്യാറാണ് ഈ ആരോപണം ഉന്നയിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കത്യാറുടെ വിവാദ പരാമര്‍ശം. 

കസ്ഗഞ്ചില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ആളുകള്‍ സമുദായ സൗഹാര്‍ദത്തോടെ താമസിച്ചിരുന്ന പ്രദേശമാണ് കസ്ഗഞ്ച്. ഇവിടെ മുമ്പ് സാമുദായിക ലഹളകള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇന്ത്യയെ തകര്‍ക്കാനായി പാക് അനുകൂലികളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നും കത്യാര്‍ ആരോപിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

സംഘര്‍ഷത്തിനിടെയാണ് ചന്ദന്‍ ഗുപ്തയെന്ന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ പാക് അനുകൂലികളാണ്. ഇവര്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നതായും കത്യാര്‍ ആരോപിച്ചു. സാമുദായിക സംഘര്‍ഷത്തില്‍ നിരവധി ബസുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും, കടകളടക്കം നിരവധി സ്ഥാപനങ്ങള്‍ക്കും വസ്തു വകകള്‍ക്കും നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. 

റിപ്പബ്ലിക് ദിനത്തില്‍ ആര്‍എസ്എസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയും വിശ്വഹിന്ദു പരിഷത്തും കൂടി  തിരംഗ യാത്ര എന്ന പേരില്‍ ബൈക്ക് റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് നേര്‍ക്കുണ്ടായ കല്ലേറാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സാമുദായിക സംഘര്‍ഷത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മുസ്ലീമിന്റെ കട അക്രമികള്‍ അഗ്നിക്കിരയാക്കി. 

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 112 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമുദായിക സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും, മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ഉത്തരവിട്ടതായും അലിഗഡ് റേഞ്ച് ഐജി സഞ്ജീവ് ഗുപ്ത അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com