മങ്ങിയ പ്രകാശം വേണം, മരണം വ്യാഴമോ ഞായറോ ആകാം, ദൈവത്തെ കാണണം; 11 പേര്‍ മരിച്ച വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പടികള്‍ ഞെട്ടിക്കുന്നത് 

ബുരാരിയില്‍ ഒരേ കുടുംബത്തിലെ 11 പേരെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുര്‍മന്ത്രവാദത്തിന്റെ സാധ്യതകള്‍ ബലപ്പെടുന്നു
മങ്ങിയ പ്രകാശം വേണം, മരണം വ്യാഴമോ ഞായറോ ആകാം, ദൈവത്തെ കാണണം; 11 പേര്‍ മരിച്ച വീട്ടില്‍ നിന്ന് കിട്ടിയ കുറിപ്പടികള്‍ ഞെട്ടിക്കുന്നത് 

ന്യൂഡല്‍ഹി: ബുരാരിയില്‍ ഒരേ കുടുംബത്തിലെ 11 പേരെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുര്‍മന്ത്രവാദത്തിന്റെ സാധ്യതകള്‍ ബലപ്പെടുന്നു. മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് ലഭിച്ച കുറിപ്പടികള്‍ ദുര്‍മന്ത്രവാദത്തിലേക്കാണ് സൂചനകള്‍ നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കുറുപ്പുകളില്‍ എഴുതിയിരുന്നത് എന്താണെന്നതിനെകുറിച്ച് വ്യക്തമായിരുന്നില്ല. എന്നാല്‍ 'ദൈവത്തെ കാണണം' എന്നാണ് ഈ കുറിപ്പടികളില്‍ എഴുതിയിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 

സംഭവസ്ഥലത്തുനിന്ന് ലഭിച്ച മറ്റൊരു കുറുപ്പില്‍ വ്യാഴാഴ്ചയോ ഞായറാഴ്ചയോ ആത്മഹത്യ ചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതായി കാണാം. ഈ സമയം മങ്ങിയ പ്രകാശം ഉറപ്പുവരുത്തണമെന്നും കുറിപ്പില്‍ നിര്‍ദേശമുണ്ട്. 

ആല്‍മരത്തിന്റെ ശിഖരങ്ങള്‍ തൂങ്ങികിടക്കുന്നതുപോലെ എല്ലാവരും തൂങ്ങികിടക്കണമെന്നും കുറുപ്പില്‍ എഴുതിയിട്ടുണ്ട്. ഈ സമയം ആരും ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. ആറോളം മൊബൈല്‍ ഫോണുകള്‍ ഒന്നിച്ച് പോളിത്തീന്‍ ബാഗില്‍ അടച്ച നിലയില്‍ വീട്ടിലെ ഷെല്‍ഫില്‍ നിന്ന് കണ്ടെത്തിയിരുന്നു. 

വടക്കന്‍ ഡല്‍ഹിയിലാണ് ഇരുമ്പുഗ്രില്ലില്‍ തൂങ്ങിയ രീതിയില്‍ 10 മൃതദേഹങ്ങളും വീട്ടിലെ ഏറ്റവും പ്രായംചെന്ന സ്ത്രീയെ (നാരായണി) നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തിയത്. ചിലരുടെ കണ്ണും വായും മൂടുകയും കൈകള്‍ കെട്ടുകയും ചെയ്തിട്ടുണ്ടായിരുന്നു. മരിച്ചവരുടെ കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളും കണ്ടിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ പത്തു പേരും തൂങ്ങിമരിച്ചതായാണ് തെളിഞ്ഞത്. നാരായണിയുടെ മരണത്തില്‍ വ്യക്തതയില്ല. തലേന്നു കഴിച്ച ഭക്ഷണത്തില്‍ ഉറക്ക മരുന്നു കലര്‍ത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. മോക്ഷം കിട്ടാനായി കുടുംബം ആത്മഹത്യയ്ക്കു തീരുമാനമെടുത്തിരിക്കാമെന്നും ഇതിനു പിന്നില്‍ ലളിത് ഭാട്ടിയയുടെ സ്വാധീനമാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com