വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു , ഗര്‍ഭം അലസിപ്പിച്ചു ; നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ കേസ്

മഹാഅക്ഷയിനും, അമ്മ യോഗിതാ ബാലിക്കുമെതിരെ കേസെടുക്കാന്‍ ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയാണ് ഉത്തരവിട്ടത്
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു , ഗര്‍ഭം അലസിപ്പിച്ചു ; നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ കേസ്

ന്യൂഡല്‍ഹി : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാഅക്ഷയിനെതിരെ കേസ്. സിനിമാ നടി കൂടിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഹാഅക്ഷയിനും, അമ്മ യോഗിതാ ബാലിക്കുമെതിരെ കേസെടുക്കാന്‍ ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയാണ് ഉത്തരവിട്ടത്. 

ഹിന്ദി, ഭോജ്പുരി നടിയായ യുവതി 2015 മുതല്‍ മഹാഅക്ഷയുമായി പ്രണയബന്ധത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് ഇരുവരും ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടിരുന്നതായി യുവതി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ മഹാഅക്ഷയില്‍ നിന്നും യുവതി ഗര്‍ഭിണിയായി. 

ഗര്‍ഭിണിയായത് അറിഞ്ഞ മഹാഅക്ഷയ് ചില മരുന്നുകള്‍ നല്‍കി.  ഇത് കഴിച്ചതോടെ ഗര്‍ഭം അലസുകയും ചെയ്തു. ഇതിനു പിന്നാലെ, ഈ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യയും മഹാഅക്ഷയിന്റെ അമ്മയുമായ യോഗിത ബാലി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത് അനുഭവിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടി. ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് താമസം മാറിയതായും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. 

പരാതി പരിഗണിച്ച മജിസ്‌ട്രേറ്റ് ഏക്ത ഗൗബ, ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാല്‍സംഗം, വഞ്ചന, സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com