ജസ്റ്റിസ് ലോയയുടെ മരണം; അന്വേഷണം ആവശ്യമില്ല; പുനഃപരിശോധനാ ഹര്‍ജി വീണ്ടും തള്ളി സുപ്രീം കോടതി

സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി
ജസ്റ്റിസ് ലോയയുടെ മരണം; അന്വേഷണം ആവശ്യമില്ല; പുനഃപരിശോധനാ ഹര്‍ജി വീണ്ടും തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ അന്വേഷണമില്ലെന്ന് പരമോന്നത കോടതി വീണ്ടും വ്യക്തമാക്കി. ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളിയാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്. സ്വതന്ത്ര അന്വേഷണം വേണമെന്നവാശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെതിരെയായിരുന്നു ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ പുതിയ ഹര്‍ജി നല്‍കിയത്.  
ഹര്‍ജിയും അനുബന്ധ പേപ്പറുകളും വിശദമായി പരിശോധിച്ചെന്നും നേരത്തെയുള്ള ഉത്തരവ് പുനഃപരിശോധിക്കേണ്ട കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. 

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക സംഘം സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ഏപ്രില്‍ 19ന് ഇതേ ബെഞ്ച് തള്ളിയിരുന്നു. ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് വ്യക്തമാക്കിയ കോടതി ലോയയുടേത് സ്വാഭാവിക മരണമാണെന്നും പറഞ്ഞിരുന്നു. ഗൂഢ ലക്ഷ്യത്തോടെയുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കാനാകില്ല. ഹര്‍ജിക്കാര്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിച്ചു. ലോയ്‌ക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാകില്ലെന്നും അതുകൊണ്ട് അന്വേഷണം ആവശ്യമില്ലെന്നും ബെഞ്ച് അന്ന് വ്യക്തമാക്കിയിരുന്നു.

സൊഹ്‌റാബുദീന്‍ ഷെയ്ഖ്, ഭാര്യ എന്നിവരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസ് പരിഗണിച്ച ജസ്റ്റിസ് ലോയ 2014 ഡിസംബര്‍ ഒന്നിനാണ് മരിച്ചത്. നാഗ്പൂരില്‍ സഹപ്രവര്‍ത്തകനായ ജഡ്ജിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു റിപ്പോര്‍ട്ട്. അന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്നു അമിത് ഷാ കേസിലെ പ്രതിയായിരുന്നു. നീതിപൂര്‍വ അന്വേഷണം ഉറപ്പാക്കാന്‍ സുപ്രീം കോടതി കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റി. ജസ്റ്റിസ് ലോയയെ പ്രത്യേക ജഡ്ജിയായി നിയോഗിച്ചു. മുംബൈയിലുണ്ടായിട്ടും കോടതിയില്‍ ഹാജരാകാത്ത അമിത് ഷായെ ഒക്ടോബറില്‍ ജസ്റ്റിസ് ലോയ വിമര്‍ശിച്ചിരുന്നു. ഡിസംബര്‍ 15ന് കേസ് വീണ്ടും പരിഗണിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് ലോയയുടെ മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com